പാറശാല: പാറശാലയിൽ കുടിവെള്ള വിതരണം മുങ്ങി അഞ്ച് നാൾ പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാതെ അധികൃതർ. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പാറശാല ടൗൺ,ഇടിച്ചക്കപ്ലാമൂട്,കുറുങ്കുട്ടി,നെടുവാൻവിള,ഇഞ്ചിവിള,ചെറുവാരക്കോണം തുടങ്ങിയ മേഖലകളിൽ നാട്ടുകാർ കുടിവെള്ളം ലഭിക്കാതെ പരക്കം പായുകയാണ്.പരശുവയ്ക്കൽ പമ്പിംഗ് സ്റ്റേഷനിലെ മോട്ടോർ കേടായതാണ് കുടിവെള്ളം മുടങ്ങാനുള്ള കാരണമായി അധികൃതർ പറയുന്നത്.മുൻപ് പൈപ്പിലുണ്ടായ അടവ് കുടിവെള്ളം വിതരണം തടസപ്പെടുത്തിയപ്പോൾ ഈ മേഖലകളിൽ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ കുടിവെള്ളം വിതരണം പുനസ്ഥാപിച്ചിരുന്നു. പാറശാല ബ്ലോക്ക് ഓഫീസിന് സമീപത്തായി വാട്ടർടാങ്ക് സ്ഥാപിച്ചിരുന്ന സ്ഥലം റെയിൽവേയ്ക്ക് വിട്ടുകൊടുത്തപ്പോൾ ടാങ്ക് പൊളിച്ച് മാറ്റിയിരുന്നു. ശുദ്ധജലം ടാങ്കിൽ സംഭരിക്കാൻ കഴിയാത്തതുകൊണ്ട് മോട്ടോർ കേടായാലോ പൈപ്പ് പൊട്ടിയാലോ കുടിവെള്ളം തടസപ്പെടുക പതിവായി.