
തിരുവനന്തപുരം:രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ വോട്ടുചോർച്ച ഇരുമുന്നണികളെയും വെട്ടിലാക്കി. രഹസ്യബാലറ്റ് ആയതിനാൽ ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത എം.എൽ.എയെ കണ്ടുപിടിക്കുക അസാദ്ധ്യമാണ്. 140 അംഗങ്ങളിൽ നിന്നാണ് ഒരു വോട്ട് ചോർന്നത്.
ഉത്തർപ്രദേശ് നിയമസഭയിലെ ഒരംഗം പാലക്കാട്ട് ചികിത്സയിലായതിനാൽ കേരളത്തിൽ വോട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വോട്ട്മൂല്യം വേറെയായതിനാൽ വോട്ട് പ്രത്യേക ബാലറ്റ് പെട്ടിയിലായിരിക്കും. ഓരോ സംസ്ഥാനത്തിന്റെയും വോട്ട് മൂല്യം വെവ്വേറെയാണ്. കേരളത്തിലെ ഒരംഗത്തിന്റെ വോട്ട് മൂല്യം 152 ആണ്. അതിനാൽ കേരളത്തിലെ ബാലറ്റ്പെട്ടിയിൽ രേഖപ്പെടുത്തിയ നമ്പരും 152 ആണ്.
പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നൂറുശതമാനം വോട്ടും ഉറപ്പാക്കിയ കേരളത്തിലാണ് വോട്ട് ചോർന്നത്. ഇത് അബദ്ധമാവില്ലെന്നാണ് വിലയിരുത്തുന്നത്. അബദ്ധത്തിൽ ദ്രൗപദി മുർമുവിന് വോട്ട് ചെയ്താലും ആ എം.എൽ.എയ്ക്ക് അത് അസാധുവാക്കാമായിരുന്നു. അത് ചെയ്യാതിരുന്നതിനാൽ ബോധപൂർവ്വമായി ക്രോസ് വോട്ട് ചെയ്‌തതാണെന്ന സംശയമാണ് മുന്നണികൾക്ക്.
ജനതാദൾ-എസ് അഖിലേന്ത്യാതലത്തിൽ മുർമുവിന് വോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നു. അവർക്ക് കേരളത്തിൽ രണ്ട് എം.എൽ.എമാരുണ്ടെങ്കിലും ഇടതുമുന്നണിയുടെ ഭാഗമായതിനാൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കേ വോട്ട് ചെയ്യൂവെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചതാണ്. മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസ് എം.എൽ.എയുമാണ് ഇവർ. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വിപ്പ് ഇല്ലാത്തതിനാൽ ഇവർ യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്താലും എം.എൽ.എ പദവിയെ ബാധിക്കില്ല. ദേശീയനേതൃത്വത്തിന്റെ അനുമതിയോടെയാണ് ഇവർ സിൻഹയ്ക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചത്.