
തിരുവനന്തപുരം: സ്വാതന്ത്ര്യദിനം സി.പി.ഐയുമായി ചേർന്ന് ആഘോഷിക്കാൻ സി.പി.എം തീരുമാനം.
കഴിഞ്ഞ വർഷം മുതലാണ് സി.പി.എം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സി.പി.ഐ നേരത്തേ തുടങ്ങിയിരുന്നു. ഈ വർഷം സംയുക്തമായി ആഘോഷിക്കാനുള്ള കേന്ദ്ര നേതൃത്വങ്ങളുടെ തീരുമാനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും ആഘോഷം.
സ്വാതന്ത്ര്യദിനത്തിൽ പാർട്ടി ഓഫീസുകളിൽ പതാകയുയർത്തും. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. സ്വാതന്ത്ര്യ സമരപരിപാടികൾ നടന്നിട്ടുള്ള കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികൾ നടത്തും. ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും. അല്ലാത്തവരെ അനുസ്മരിക്കും. സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ധാരകളെയും, കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ ശേഷമുള്ള വിവിധ പരിപാടികളെയും കുറിച്ച് ജനങ്ങളെ അറിയിക്കും.