മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയ്ക്ക് ആദ്യ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണിയും വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായരും അറിയിച്ചു.അടങ്കൽ പദ്ധതി 17,69,93,866 രൂപയാണ്.സർക്കാരിന്റെ നിർദ്ദേശങ്ങളും വികസന സങ്കല്പങ്ങളും ഉൾക്കൊണ്ട് രൂപീകരിച്ച വാർഷിക പദ്ധതി പൂർണമായും പഞ്ചായത്തിന്റെ സവിശേഷതകൾ പരിഗണിച്ചുള്ളവയാണ്.
ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കൃഷി സമൃദ്ധ കിഴുവിലം , ലഹരി മുക്ത കിഴുവിലം എന്നീ തനതായ പദ്ധതികൾക്ക് പുറമെ ക്ഷീര ഗ്രാമം,സ്ത്രീ ശാക്തീകരണ പദ്ധതികൾ,തൊഴിൽ സംരംഭങ്ങൾ,ശുചിത്വ പദ്ധതികൾ,മാലിന്യ നിർമാർജ്ജന പദ്ധതികൾ,കിണർ റീ ചാർജിംഗ് അലോപ്പൊതി- ആയൂർവേദ- ഹോമിയോ ആശുപത്രികളുടെ പരിപാലനവും മെച്ചപ്പെടുത്തലും തുടങ്ങിയവയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ് ടോപ്,മെറിറ്റോറിയസ് സ്കോളർഷിപ് ,പാലിയേറ്റീവ് കെയർ,തെരുവ് വിളക്ക് പരിപാലനം, റോഡുകൾ സംരക്ഷിക്കലും മെച്ചപ്പെടുത്തലും,വാതിൽപ്പടി സേവനം,അതി ദാരിദ്ര്യ നിർമ്മാർജ്ജനം ,അങ്കണവാടി കുട്ടികൾക്കുള്ള അനുപൂരക പോഷകാഹാരം, ലൈഫ്, വീട് മെയിന്റെനൻസ് ഉൾപ്പെടയുള്ള പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.