
തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പത്ത് സീറ്റ് നേടി.
അതേസമയം,ഇടതുമുന്നണിയുടേയും ബി.ജെ.പി.യുടേയും ഓരോ സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്ത് 7ൽ നിന്ന് സീറ്റ് നേട്ടം 9 ആക്കി. 11 സീറ്റുകളുണ്ടായിരുന്ന ഇടതുമുന്നണിക്ക് 10 ആയും ബി.ജെ.പി രണ്ടിൽ നിന്ന് ഒന്നായും ചുരുങ്ങി.
ഇടതുമുന്നണി സ്വതന്ത്രൻ ജയിച്ചിരുന്ന ഇടുക്കി വണ്ടൻമേടിലെ അച്ചൻകാനം വാർഡും, കാസർകോട് ബദിയടുക്കയിലെ ബി.ജെ.പി സീറ്റായ പട്ടാജെയുമാണ് കോൺഗ്രസ് പിടിച്ചെടുത്തത്. രണ്ടിടത്ത് തിരഞ്ഞെടുപ്പ് നടന്ന കൊല്ലത്ത് ചവറയിൽ ആർ.എസ്.പി.യും ഇളമ്പല്ലൂരിൽ ബി.ജെ.പിയും സീറ്റ് നിലനിറുത്തി.
ആലപ്പുഴയിൽ പാലമേലിലും തൃശൂരിലെ കൊണ്ടാഴി,പാലക്കാട്ടെ തൃത്താല ബ്ളോക്ക് പഞ്ചായത്ത്, മലപ്പുറം മുനിസിപ്പാലിറ്റി,ഇടുക്കിയിലെ രാജകുമാരി, കാസർകോട്ടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി,,കുമ്പളപഞ്ചായത്ത്, കോഴിക്കോട്ടെ തിക്കോടി സീറ്റുകൾ സി.പി.എമ്മും, കോട്ടയത്ത് കാണക്കാരി പഞ്ചായത്തിലെ സീറ്റ് കേരളകോൺഗ്രസ് മാണിയും കാസർകോട് കള്ളാറിൽ ഇടതുസ്വതന്ത്രനും നിലനിറുത്തി. ആലുവ മുനിസിപ്പാലിറ്റിയിലെ സീറ്റ് കോൺഗ്രസും മലപ്പുറത്തെ മഞ്ചേരി, കുറ്റിപ്പുറം, തിരൂരങ്ങാടി ബ്ളോക്ക് പഞ്ചായത്ത്,കാസർകോട്ടെ പള്ളിക്കര, മലപ്പുറം ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിലെ സീറ്റുകൾ മുസ്ലിം ലീഗും നിലനിറുത്തി.