തിരുവനന്തപുരം: പ്രാദേശിക സാമ്പത്തിക വികസനം ശക്തിപ്പെടുത്താനും പാവപ്പെട്ടവരിലേക്ക് അർഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും എത്തിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും പരസ്പര പൂരകമായി പ്രവർത്തിക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ സംവിധാനത്തിൽ പ്രഥമ പരിഗണന നൽകുന്നത് ദരിദ്രവിഭാഗത്തിനാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക,തൊഴിലുറപ്പ് മേഖലകളിലെ കുടുംബശ്രീ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതോടൊപ്പം വൃദ്ധജനങ്ങളുടെ കൂട്ടായ്മകൾ സൃഷ്ടിച്ച് അവരുടെ പരിരക്ഷയും ഉറപ്പുവരുത്താൻ കഴിയും. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണമേന്മ വർദ്ധിപ്പിച്ച് ആസ്തി രൂപീകരണത്തിന് പ്രാധാന്യം നൽകണം. കുടുംബശ്രീയുടെ ഏറ്റവും വലിയ കരുത്തും നേട്ടവും ദേശീയ അന്തർദേശീയ തലത്തിൽ ഈ പ്രസ്ഥാനത്തിനുള്ള സ്വീകാര്യതയാണ്. സാമൂഹികവും സാമ്പത്തികവും ഭൗതികവുമായ മൂലധനമാണ് ഈ ത്രിതല സംവിധാനത്തെ ശക്തിപ്പെടുത്താൻ അനിവാര്യമായ ഘടകങ്ങൾ. മനുഷ്യശേഷിയാണ് മറ്റൊരു മൂലധനം. ഇതോടൊപ്പം പാരിസ്ഥിതിക ബോധവും പൗരബോധവും പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കില ഡയറക്ടർ ഡോ.ജോയ് ഇളമൺ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി, പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.മൈന ഉമൈബാൻ തുടങ്ങിയവർ പങ്കെടുത്തു.