ബാലരാമപുരം: 2020 - 21 സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിനുള്ള കേരളബാങ്കിന്റെ അവാർഡ് ജില്ലയിൽ ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. മന്ത്രി വി.എൻ. വാസവൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവർ ചേർന്നാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ബാങ്കിന്റെ സാമ്പത്തിക ഭദ്രത, വായ്പ നിക്ഷേപ അനുപാതം, പലിശമിച്ചത്തിൽ നിന്ന് ശമ്പള ചിലവ് നിർവഹിക്കുക, ലാഭക്ഷമത, കുടിശ്ശിഖ രഹിതമായി കേരള ബാങ്കുമായുള്ള സാമ്പത്തിക ഇടപാടുകൾ, ബാങ്കിനുള്ള ആസ്തി മിച്ചം, കാർഷിക മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ തുടങ്ങിയവ പരിഗണിച്ചാണ് ബാങ്കിന് ഒന്നാം സ്ഥാനം നൽകിയത്. അന്തർദേശീയ സഹകരണ ദിനത്തിൽ സഹകരണ വകുപ്പും ബാലരാമപുരം സർവീസ് സഹകരണ ബാങ്കിനെ മികച്ച പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘമായി തിരഞ്ഞെടുത്തിരുന്നു. കരകുളം സർവീസ് സഹകരണ ബാങ്കിന് രണ്ടാം സ്ഥാനവും മൈലച്ചൽ സർവീസ് സഹകരണ ബാങ്കിന് മൂന്നാം സ്ഥാനവും ലഭിച്ചു. പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം എന്ന നിലയിൽ ബാലരാമപുരം സർവ്വീസ് സഹകരണ ബാങ്ക് കാർഷിക മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. എ.പ്രതാപചന്ദ്രനും സെക്രട്ടറി എ. ജാഫർഖാനും പറഞ്ഞു.