azhoorpakalveed

മുടപുരം: അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തിക്കുന്ന അഴൂർ പകൽവീട് പുതിതായി നിർമ്മിച്ച മന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തം. അഴൂർ ഗ്രാമപഞ്ചായത്തിലെ പകൽവീട് കോളിച്ചിറയിലാണ് പ്രവർത്തിക്കുന്നത്.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 18 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ മന്ദിരം നിർമ്മിച്ചത്. കഴിഞ്ഞ മാർച്ചിൽ ഇതിന്റെ ഉദ്‌ഘാടനം കഴിഞ്ഞെങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഈ മന്ദിരത്തിൽ ടൈൽ ഇടുന്നതിനും റാമ്പ് നിർമ്മിക്കുന്നതിനുമായി രണ്ടര ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
അഡ്വ.വി.ജോയി അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, അഴൂർ വിജയൻ വാർഡ് മെമ്പറുമായിരുന്ന 2015ൽ വി.ശശി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് കോളിച്ചിറയിൽ പകൽ വീട് ആരംഭിച്ചത്. സാമൂഹ്യ നീതി വകുപ്പാണ് പകൽ വീട് നടത്തുന്നത്.

സർക്കാർ ഫണ്ട് 18 ലക്ഷം രൂപയും എം.എൽ.എ ഫണ്ട് 7 ലക്ഷവും ചേർത്ത് 25 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തും അഴൂർ ഗ്രാമപഞ്ചായത്തും ചേർന്നാണ് ഇതിന്റെ പ്രവർത്തനം നടത്തുന്നത്. പകൽ വീടിന് കെയർ ടേക്കർ,ഹെൽപ്പർ,കൂക്ക് എന്നീ ജീവനക്കാരുണ്ട്. 20 അന്തേവാസികളുണ്ടായിരുന്ന പകൽ വീട്ടിൽ ഇപ്പോൾ 4 വൃദ്ധജനങ്ങൾ മാത്രമേയുള്ളൂ.

പഞ്ചായത്തിലെ ഇതര വാർഡിൽ നിന്ന് പകൽവീട്ടിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന പലരുമുണ്ട്. എന്നാൽ യാത്രാസൗകര്യം ഇല്ലാത്തതാണ് ഇവിടെ ഇവർക്ക് വരാൻ കഴിയാത്തത്. അതിനാൽ പകൽവീട്ടിലെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

പകൽ വീട്

60 വയസ് കഴിഞ്ഞ വൃദ്ധരായ പാവപ്പെട്ട ഒറ്റപ്പെട്ട്‌ കഴിയുന്ന വനിതകൾക്കാണ് പകൽവീട്ടിൽ പ്രവേശനം. രാവിലെ ഒൻപതരയ്ക്ക് എത്തുന്ന അന്തേവാസികൾക്ക് വൈകിട്ട് 4വരെ ഇവിടെ കഴിയാം. പ്രഭാതഭക്ഷണവും ഉച്ചയൂണും ഉണ്ടാവും.

വൈകിട്ട് 3ന് ചായയും കടിയും, ഇതിന് പുറമെ വിശ്രമവേളകളിൽ വിനോദത്തിനും അറിവിനുമായി ടി.വി കാണാം, പത്രം, നോവൽ, കഥാപുസ്തകങ്ങൾ തുടങ്ങിയവ വായിക്കാൻ ലഭിക്കും. നിരക്ഷരരായവരെ പത്രവും പുസ്തകവും വായിച്ചു കേൾപ്പിക്കും.

കെട്ടിടത്തിലെ സൗകര്യങ്ങൾ

പകൽവീട് പ്രവർത്തിക്കുന്ന ഇരുനില മന്ദിരത്തിൽ താഴെ രണ്ട് മുറികൾ, മുകളിൽ ഒരു മുറിയും അടുക്കളയും സിറ്റൗട്ടും ടോയ്‌ലെറ്റുമുണ്ട്. താഴത്തെ നിലയിൽ അങ്കണവാടി പ്രവർത്തിക്കുന്നു.


കെട്ടിടം പ്രവ‌ർത്തിക്കുന്നതിന് തടസം
കെട്ടിടത്തിന്റെ സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നം. അതിനാലാണ് നിലവിലുള്ള പകൽവീടിന്റെ പിറകുവശത്തായി പുതിയതായി നിർമ്മിച്ച മന്ദിരത്തിൽ പകൽവീട് പ്രവർത്തിക്കണമെന്ന് അന്തേവാസികൾ ആവശ്യപ്പെടുന്നത്. പുതിയ മന്ദിരത്തിൽ വലിയ ഹാൾ,കിച്ചൻ,സ്റ്റോർ റൂം,രണ്ട് ബെഡ് റൂം എന്നീ സൗകര്യങ്ങളുണ്ട്. മുകളിലത്തെ നിലയിലാണ് പകൽ വീട് പ്രവർത്തിക്കുന്നത്. രണ്ടാം നിലയിലെത്താൻ പടികൾ കയറുകയെന്നത് വൃദ്ധരെ ബുദ്ധിമുട്ടിക്കുന്നു. ടോയ്‌‌ലെറ്റിൽ ഇരിക്കുന്നതിന് രണ്ട് പടികൾ കയറണം എന്നതും ബുദ്ധിമുട്ടാണ്.