തിരുവനന്തപുരം: എല്ലാ കരാറുകളിലും വില വ്യതിയാന വ്യവസ്ഥ ഉൾപ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സർക്കാർ കരാറുകാരുടെ പൊതുവേദിയായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ 26ന് രാവിലെ 10 മുതൽ 27ന് രാവിലെ 10 വരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ വിവിധ സംഘടനകളുടെ 20 ഭാരവാഹികൾ നിരാഹാര സത്യഗ്രഹം നടത്തും.

വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി കൺവീനർ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാവും. 27ന് രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിലെ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർ വർഗീസ് കണ്ണമ്പള്ളി, ആർ. രാധാകൃഷ്ണൻ, എ.കെ.ഷാനവാസ്, ആർ. വിശ്വനാഥൻ, ഡി. സുരേഷ്, രഘുനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5 ലക്ഷം രൂപ വരെ അടങ്കലുകൾ വരുന്ന പ്രവൃത്തികളെ ഇ - ടെൻഡറിൽ നിന്ന് ഒഴിവാക്കുക, മരാമത്ത് മാനുവലിലെയും കരാർ വ്യവസ്ഥകളിലെയും അപാകതകൾ പരിഹരിക്കുക,​ ചെറുകിട ഇടത്തരം കരാറുകാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുക തുടങ്ങിയ 41 ആവശ്യങ്ങളടങ്ങിയ നിവേദനം ഏകോപനസമിതി കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.