
വെള്ളറട: അടുത്ത രണ്ട് വർഷത്തിനുള്ളിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ആനാവൂർ ഗവ.എച്ച്.എസ്.എസിൽ ഹൈടെക് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി കരിക്കുലം കമ്മിറ്റിയും കോർ കരിക്കുലം കമ്മിറ്റിയും രൂപീകരിച്ചു. ലിംഗ നീതി, സമത്വം, ലിംഗ അവബോധം, ഭരണഘടന, സന്നദ്ധപ്രവർത്തനങ്ങൾ, മതനിരപേക്ഷത, സാമൂഹിക പ്രശ്‌നങ്ങൾ, കല, സ്‌പോട്സ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തുന്നത് കമ്മിറ്റി ചർച്ച ചെയ്യും. സംസ്ഥാനത്തെ ഗേൾസ് സ്‌കൂളുകളും ബോയ്സ് സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് സർക്കാരിന് അനുകൂല നിലപാടാണെന്നും എന്നാൽ അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കുക അപ്രായോഗികമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
2.40 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ എം.എൽ.എയുടെ നേതൃത്വത്തിൽ പണി കഴിപ്പിച്ച സ്കൂൾ മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ,ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു ,കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി, വൈസ് പ്രസിഡന്റ് ജി.കുമാർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ.എസ്.ഷീബാറാണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്. റോജി,ബ്ലോക്ക് പഞ്ചായത്തംഗം ഒ. വസന്തകുമാരി,ഗ്രാമപഞ്ചായത്തംഗങ്ങളായ ഡി.ലൈല,സിന്ധു,ബി.വി അനീഷ്,ജെ.അബിൻ,ഗ്ലോറി ബായ്, പ്രദീപ്, ടി. രതീഷ്, സി.പി.എം ഏരിയാ സെക്രട്ടറി ഡി.കെ. ശശി,ഡി.സി.സി മെമ്പർ എ.മോഹൻ ദാസ്,സി.പി.ഐ ജില്ലാ കൗൺസിൽ അംഗം സുന്ദരേശൻ നായർ, ബി.ജെ.പി മണ്ഡലം സെക്രട്ടറി പാലിയോട് രതീഷ്, പൂർവ വിദ്യാർത്ഥി സമിതി കൺവീനർ ഡി.വേലായുധൻ നായർ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ,പ്രിൻസിപ്പൽ ഇൻ ചാർജ് ലക്ഷ്മി പ്രഭ,ഹെഡ്മിസ്ട്രസ് ഷാഹ് ബാനത്ത്, സ്റ്റാഫ് സെക്രട്ടറി സൗദീഷ് തമ്പി,എസ്.എം.സി ചെയർമാൻ ആനായിക്കോണം അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.