2

വിഴിഞ്ഞം: ഉൾക്കടലിൽ നിന്ന് ലഭിച്ച അപൂർവ വസ്തു ആംബർഗ്രീസാണെന്ന് (തിമിംഗില വിസർജ്യം) സംശയം. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധനയ്ക്കായി കൊണ്ടു പോയി. തീരത്ത് നിന്ന് 32 കിലോമീറ്റർ ഉള്ളിൽ കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് ഇവ ലഭിച്ചത്.

ലോറൻസിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ഒൻപതംഗ സംഘത്തിനാണ് ആംബർഗ്രീസാണെന്ന് സംശയിക്കുന്ന വസ്തു കിട്ടിയത്. ഇവർ ഇത് തീരത്ത് എത്തിച്ചശേഷം മറൈൻ എൻഫോഴ്സ്‌മെന്റിനെ വിവരമറിയിച്ചു. ഇവർ അറിയിച്ചതനുസരിച്ച് ഫോറസ്റ്റ് പരുത്തിപള്ളി റേഞ്ച് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.കെ. ബിന്ദു, വാച്ചർമാരായ സുഭാഷ്, നിഷാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് വാർഡ് കൗൺസിലർ പനിയടിമയുടെ നേതൃത്വത്തിൽ ഈ വസ്തുവിന്റെ ഭാരം നോക്കി. 26.51 കി.ഗ്രാം ഭാരമുള്ള ഇവ ഫോറസ്റ്റുകാർ പരിശോധനയ്ക്കായി കൊണ്ടുപോയി.

ഇത് രണ്ടാം തവണ

കേരളതീരത്ത് നിന്ന് ഇത്തരം വസ്തു കിട്ടുന്നത് രണ്ടാം തവണയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 12ന് കോവളം ഹവ്വാബീച്ചിൽ തീരത്തോട് ചേർന്ന് മെഴുക് രൂപത്തിലുള്ള അപൂർവ വസ്തു കിട്ടിയിരുന്നു. ആംബർഗ്രീസാണെന്ന് സംശയിച്ചെങ്കിലും പരിശോധനയിൽ അതല്ലെന്ന് തെളിഞ്ഞു. ഇന്നലെ കിട്ടിയ വസ്തുവും പരിശോധനയ്ക്കായി ആർ.ജി.സി.ബി ലാബിലേക്ക് അയയ്ക്കുമെന്ന് അധികൃതർ പറഞ്ഞു. എണ്ണതിമിംഗിലത്തിന്റെ കുടലിൽ രൂപപ്പെടുന്ന ആംബർഗ്രീസ് വിസർജ്ജ്യമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വന്യജീവി സംരക്ഷണ പട്ടികയിൽ ഷെഡ്യൂൾ 2ൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവ കൈവശംവയ്ക്കുന്നതോ വിൽക്കുന്നതോ നിയമപരമായി കുറ്റകരമാണ്.