
തിരുവനന്തപുരം: 'കഥ കേൾക്കുമ്പോൾ തന്നെ അതിൽ ഒരു മികച്ച സിനിമ ഞാൻ കണ്ടിരുന്നു. ഒരു ബിസിനസ് രംഗത്തെ ശ്രമങ്ങളും വളർച്ചയും മനോഹരമായി കഥയാക്കി വച്ചിരുന്നു സുധ"- മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയ ശാലിനി ഉഷാദേവിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.
സൂരരൈപോട്രിന്റെ സംവിധായിക സുധ കൊങ്കറയുമായി ചേർന്നാണ് ശാലിനി തിരക്കഥ ഒരുക്കിയതും ദേശീയ പുരസ്കാരം പങ്കുവച്ചതും. 'അവാർഡിനെക്കുറിച്ചൊന്നും ഒരിക്കലും ചിന്തിക്കാത്തതിനാൽ അപ്രതീക്ഷിത അംഗീകാരമാണിത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ സികിയ പ്രൊഡക്ഷൻസാണ് എന്നെ സുധ കൊങ്കറയുമായി പരിചയപ്പെടുത്തുന്നത്. ഞങ്ങൾ ഒരുമിച്ച് തിരക്കഥ ഒരുക്കുന്നതിനിടെ സുധയിൽ നിന്ന് പല കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞു. സിനിമ ബിഗ് സ്ക്രീനിലെത്തിയപ്പോൾ വളരെ മനോഹരമായിരുന്നെന്നും ശാലിനി പറഞ്ഞു. 2012ൽ ഫഹദ് ഫാസിലിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത അകത്തിന്റെ സംവിധായികയായ ശാലിനി തിരുവനന്തപുരം സ്വദേശി ശാസ്തമംഗലം മോഹനന്റെയും ഉഷാദേവിയുടെയും മകളാണ്.