തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ കംപ്യൂട്ടർ യൂസർനെയിമും പാസ്‌വേഡും ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് വ്യാപകമായി നമ്പർ തരപ്പെടുത്തിയെന്ന പരാതികളെ തുടർന്ന് തിരുവനന്തപുരം നഗരസഭയിൽ വിജിലൻസ് പരിശോധന. 'ഓപ്പറേഷൻ ട്രൂ ഹൗസ്' എന്ന പേരിൽ നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് വിവരം. ഫയൽ പരിശോധന പൂർത്തിയായാൽ മാത്രമേ ക്രമക്കേടുകളുടെ വ്യാപ്തി അറിയാൻ കഴിയൂവെന്ന് പരിശോധന സംഘം അറിയിച്ചു. ഇത് കൂടാതെ സംശയമുള്ള കെട്ടിട നമ്പരുകളുള്ള സ്ഥലവും സന്ദർശിച്ച് പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചു.
കോഴിക്കോട്, തിരുവനന്തപുരം കോർപറേഷനുകളിലാണ് കെട്ടിട നമ്പർ തട്ടിപ്പ് വ്യാപകമായി സ്ഥിരീകരിച്ചിട്ടുള്ളത്. ലോക്കൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഇപ്പോൾ വിജിലൻസ് പരിശോധനയും നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ഇന്നലെ വിജിലൻസ് സംഘം പരിശോധന നടത്തി.