a

തിരുവനന്തപുരം:ചെങ്കൊടികളും കമാനങ്ങളും കൊണ്ട് ചുവപ്പണിഞ്ഞ നെടുമങ്ങാട് മലയോര പട്ടണത്തിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം.നൂറുകണക്കിന് റെഡ് വോളന്റിയർമാർ അണിനിരന്ന പ്രകടനവും ബഹുജനറാലിയും വർണ്ണാഭമാക്കി.ജില്ലയിലെ പാർട്ടിയെ കെട്ടിപ്പടുത്ത മുൻ നേതാക്കന്മാരുടെ സ്മൃതികുടീരത്തിൽ നിന്നും കൊണ്ടുവന്ന ദീപശിഖ, പതാക,കൊടിമരം,ബാനർ ജാഥകൾ പഴകുറ്റിയിൽ സംഗമിച്ച ശേഷം പ്രകടമായി ചന്തമുക്കിൽ എത്തിയാണ് സമ്മളനം ആരംഭിച്ചത്. ബാൻഡ് മേളത്തിന് പിന്നാലെ നൂറുകണക്കിന് റെഡ് വോളന്റിയർമാരുടെ പരേഡ് കടന്നുവന്നപ്പോൾ അക്ഷരാർത്ഥത്തിൽ നെടുമങ്ങാട് ചുവന്നു തുടുത്തു. പൂക്കാവടിയും ശിങ്കാരിമേളവും ചെണ്ടമേളവും കുതിരപ്പടയ്ക്കും പിന്നാലെ പ്രധാന ബാനറിന് കീഴിൽ നേതാക്കൾ അണിനിരന്നു. മന്ത്രി ജി.ആർ.അനിൽ,ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽഷെരീഫ്,അരുൺ.കെ.എസ് തുടങ്ങിയവർ നേതൃത്വം നൽകി.സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി എൻ അരവിന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊണ്ടുവന്ന പതാക ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയനിൽനിന്നും മന്ത്രി ജി.ആർ.അനിൽ ഏറ്റുവാങ്ങി. മുൻ മന്ത്രി ടി.എ.മജീദിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊണ്ടുവന്ന ബാനർ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമനയിൽ നിന്നും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരൻ ഏറ്റുവാങ്ങി. പി.എം. സുൽത്താന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊണ്ടുവന്ന കൊടിമരം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാറിൽനിന്നും ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഏറ്റുവാങ്ങി. രക്തസാക്ഷി ജയപ്രകാശിന്റെ കുടപ്പനക്കുന്നിലെ സ്മൃതിമണ്ഡപത്തിൽ നിന്നും കൊണ്ടുവന്ന ദീപശിഖ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ. ആർ .എസ്.ജയൻ സംസ്ഥാന കൗൺസിൽ അംഗം അരുൺ .കെ.എസിന് കൈമാറി.തുടർന്ന് നടന്ന പൊതുസമ്മേളനം സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10ന് ധനലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.ഇ.ഇസ്മായിൽ, സത്യൻ മൊകേരി,സി.ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും. 17 മണ്ഡലങ്ങളിൽ നിന്നായി 365 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.


കോൺഗ്രസുകാരുടെ തലയിൽ കളിമണ്ണല്ല,കാട്ടുപുല്ലാണ് :പന്ന്യൻ

വിമാനത്തിനുള്ളിൽ സഞ്ചരിച്ച മുഖ്യമന്ത്രിയെ ആക്രമിക്കാൻ വോളന്റിയർമാരെ അയച്ച കോൺഗ്രസ് നേതാക്കൻമാരുടെ തലയിൽ കളിമണ്ണല്ല,കാട്ടു പുല്ലാണെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. അവരുടെ തലയിൽ കളിമണ്ണാണ് എന്ന് പറയാൻ പറ്റില്ല.എങ്കിൽ മണ്ണിന്റെ സ്വഭാവമെങ്കിലും കാണിക്കുമായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിനുശേഷം യാത്രക്കാരനായിരുന്ന മുഖ്യമന്ത്രിയെ പ്രതിയാക്കി കേസ് കൊടുത്തിരിക്കുകയാണ്. കോൺഗ്രസിന്റെ ധാർമ്മികമായ അധപതനമാണ് ഇത് കാണിക്കുന്നത്.പ്രതിപക്ഷത്തിന് ക്രിയാത്മകമായി പലതും ചെയ്യാനുണ്ടെന്നിരിക്കെ അവർ ഇപ്പോൾ ചെയ്യുന്നത് എന്തെന്ന് മനസിലാക്കാനേ കഴിയുന്നില്ല. ഡൽഹിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുമ്പോൾ ഇ.ഡിയെ കുറ്റം പറയുകയും സംസ്ഥാനത്ത് ഇ.ഡി എത്തുമ്പോൾ അതിനെ അനുകൂലിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.