d

തിരുവനന്തപുരം:സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക വിപ്ലവകാരിയുമായ കരകുളം കെ.പി.കരുണാകരന്റെ ശില്പം ഒരുങ്ങുന്നു.കരകുളം സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലേക്കാണ് ശില്പം.3 അടി ഉയരത്തിൽ ഫൈബർ ഗ്ലാസ് ശില്പം ഒരുക്കുന്നത് കണ്ണൂർ പയ്യന്നൂരിലെ പ്രശസ്ത ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ്.1924 സെപ്തംബറിലായിരുന്നു കെ.പിയുടെ ജനനം.സമൂഹത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പ്രവർത്തിരുന്ന കെ.പി തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങൾ വിൽക്കുന്നതിന് പീപ്പിൾസ് ബുക്ക് ഹൗസിന് രൂപം നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കുകയും പുസ്തകശാല അടച്ച് പൂട്ടുകയും ചെയ്തതിനെ തുടർന്ന് കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു.കമ്യൂണിസ്റ്റ് പാർട്ടി ഭിന്നിപ്പിനെ തുടർന്ന് കെ.പി സി.പി.എമ്മിൽ നിലയുറപ്പിച്ചു.കരകുളം സർവീസ് സഹകരണ സംഘം പ്രസിഡന്റ്,യുവജനസമാജം പ്രസിഡന്റ്,കരകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്,ക്ഷീര സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മിന്നൽക്കൊടി,വിശ്വകേരളം,നവകേരളം എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു.1985 ഒാഗസ്റ്റ് 11ന് കെ.പി അന്തരിച്ചു.കെ.പിയുടെ കുടുബാംഗങ്ങൾ ശില്പിയുടെ പണിപ്പുരയിൽ എത്തിയിരുന്നു. ഒാഗസ്റ്റ് 11ന് ശില്പം അനാവരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.