തിരുവനന്തപുരം: രണ്ടുവർഷം മുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത എരുമക്കുഴിയിലെ സന്മതി പാർക്ക് നിർമ്മാണത്തിൽ വൻ ക്രമക്കേടെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്. നിർമ്മാണത്തിൽ മാനദണ്ഡം പാലിക്കാതെ തുക അനുവദിക്കൽ, മാനദണ്ഡം പാലിക്കാതെ നിർമ്മാണ ചുമതല നിർവഹിക്കൽ തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.

വിളപ്പിൽശാല മാലിന്യ സംസ്‌കരണപ്ലാന്റ് അടച്ചുപൂട്ടിയ ശേഷം എരുമക്കുഴിയിലായിരുന്നു നഗരത്തിലെ മാലിന്യം നിക്ഷേപിച്ചിരുന്നത്. സമീപവാസികൾക്ക് പകർച്ചവ്യാധികൾ ഉൾപ്പെടെ രോഗങ്ങൾ പിടിപെട്ട സാഹചര്യത്തിലാണ് നഗരസഭ സന്മതി പാർക്കിന് രൂപം നൽകിയത്. നല്ല ബുദ്ധിയെന്നാണ് സന്മതി എന്ന പേരിന്റെ അർത്ഥം.

കണ്ടെത്തിയ പ്രധാന ക്രമക്കേടുകൾ

 എൻജിനിയറിംഗ് വിഭാഗത്തെക്കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കാതെ ഹെൽത്ത് ഇൻസ്‌പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവരുടെ ശുപാർശ പ്രകാരമുള്ള തുക അടങ്കലായി കണക്കാക്കി ഹെൽത്ത് സൂപ്പർവൈസർക്ക് 24.10.2020ൽ നാല് ലക്ഷം രൂപ അഡ്വാൻസ് നൽകിയാണ് ജോലികൾ ആരംഭിച്ചത്. തുടർന്ന് 13 ലക്ഷവും ഹെൽത്ത് സൂപ്പർവൈസറുടെ ശുപാർശ പ്രകാരം ചട്ടവിരുദ്ധമായി അനുവദിച്ചു.

 മരാമത്ത് ചട്ടപ്രകാരമുള്ള ടെൻഡർ നടപടികൾ സ്വീകരിക്കാതെ ഹെൽത്ത് വിഭാഗം

നേരിട്ട് പദ്ധതി നിർവഹണം നടത്തിയത്‌ ചട്ടവിരുദ്ധമാണ്.

 പ്രവർത്തനങ്ങളുടെ മൂല്യനിർണയം നടത്താതെ സാധനങ്ങൾക്ക്

ഹെൽത്ത് സൂപ്പർവൈസർ തന്നെ മൂല്യം നിർണയിച്ച് തുക അനുവദിച്ചു.

 ഇലക്ട്രിഫിക്കേഷന് വേണ്ടി തുക അനുവദിച്ചതിലും ക്രമക്കേട്.

തുക അനുവദിച്ചത് ഇലക്ട്രീഷ്യന്റെ പേരിലല്ല.

 1,29,330 രൂപയുടെ പ്രവൃത്തികളുടെ ബില്ലുകളിലും ക്രമക്കേട്

പാർക്കിൽ സ്വിച്ചിട്ടാൽ

വൈദ്യുതി കട്ടാകും

പാർക്കിലെ ലൈറ്റുകളുടെ സ്വിച്ചിട്ടാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നതായി ഓഡിറ്റ് വകുപ്പിന്റെ സ്ഥല പരിശോധനയിൽ കണ്ടെത്തി. വിവിധതരം ഗാർഡൻ ലൈറ്റുകൾ പ്രകാശിക്കാത്ത അവസ്ഥയിലാണ്. കുറഞ്ഞ നിരക്കിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതിനാലാണ് രണ്ടുവർഷമായപ്പോഴേക്കും സാധനങ്ങൾ നശിച്ചു തുടങ്ങിയതെന്നാണ് ആരോപണം.

ജനങ്ങൾക്ക് പ്രയോജനമില്ല,

കൃത്യമായ പരിശോധന വേണം

നടത്തിയ പ്രവർത്തനങ്ങൾ നിലവിൽ നഗരസഭയ്‌ക്കോ പൊതുജനങ്ങൾക്കോ പ്രയോജനപ്പെടാത്ത സ്ഥിതിയാണെന്ന് ഓഡിറ്റ് വകുപ്പ് പരാമർശിച്ചിട്ടുണ്ട്. പാർക്ക് പല ദിവസങ്ങളിലും പൂട്ടിയിട്ട നിലയിലാണ്. ജനങ്ങളെയും പ്രവേശിപ്പിക്കുന്നില്ല. കൃത്യമായ മേൽനോട്ടത്തിനും നഗരസഭ തുനിയുന്നില്ലെന്നാണ് ആക്ഷേപം.

വിലകുറഞ്ഞ സാധനങ്ങളാണ് പാർക്കിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അപാകതകൾ കാരണം ചെലവഴിച്ച 22.49 ലക്ഷം രൂപ ഓഡിറ്റ് വകുപ്പ് തടസപ്പെടുത്തി. ജോലികളുടെ ഗുണനിലവാരം, നിലവിലെ സ്ഥിതി, ആകെ പ്രവൃത്തി മൂല്യം എന്നിവ സാങ്കേതിക വിദഗ്ദ്ധരെക്കൊണ്ട് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും ഓഡിറ്റ് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.