
വക്കം: വക്കം സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ടില്ല, ഇവിടെ റീഡിംഗ് റൂമും ഇല്ല. വക്കം വെളിവിളാകം സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ പുതിയ കെട്ടിട നിർമ്മാണത്തിന്റെ അവസ്ഥയാണിത്.
48 സ്ക്വയർ മീറ്ററിൽ ഒരു ഓഫീസ് റൂം, ഹാളും ചെറിയ വരാന്തയും ടോയ്‌ലെറ്റും,കോവണിപ്പടിയുമാണ്
ഗ്രന്ഥശാലയുടെ പുതിയ കെട്ടിടത്തിന്റെ രൂപരേഖ. ഇതിൽ ഹാളിൽ പുസ്തകങ്ങൾ സൂക്ഷിച്ചാൽ പത്രം വായിക്കാൻ വരുന്നവർ മഴയും വെയിലും കൊണ്ട് പുറത്തിരിക്കേണ്ട അവസ്ഥയാകും. ജില്ലാ പഞ്ചായത്തിന്റെ 2019-2020 വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചത്. 2020 ആഗസ്റ്റിൽ കെട്ടിട നിർമ്മാണം തുടങ്ങിയെങ്കിലും കൊവിഡ് മഹാമാരിയെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചു. പിന്നീട് പുനരാരംഭിച്ച പണികൾ ആറു മാസം കൊണ്ട് പൂർത്തിയാക്കേണ്ടതെന്ന് കരാറിൽ പറയുന്നുണ്ട്. എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയായിട്ടില്ല. നിലവിൽ പൂർത്തിയാക്കിയ നിർമ്മാണത്തിന് 806,947 രൂപ കരാറുകാരൻ ബില്ല് പാസ്സാക്കി കൈപ്പറ്റി.
ടോയ്‌ലെറ്റിന് ഇനിയും നിർമ്മാണപ്രവർത്തനങ്ങൾ അവശേഷിക്കുന്നുണ്ട്. ഇതിനെല്ലാം കൂടി 1,93,053 രൂപയാണ് പത്തുലക്ഷത്തിൽ ബാക്കിയുള്ളത്. റീഡിംഗ് റൂമിനു വേണ്ടി ജില്ലാ വൈസ് പ്രസിഡന്റ് ഷൈലജ ബീഗത്തിനോട് ഗ്രന്ഥശാല ഭരണസമിതി ഫണ്ട് ആവശ്യപ്പെട്ടപ്പോൾ കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് ബാക്കി തുകയ്ക്ക് റൂഫ് കെട്ടികൊടുക്കാമെന്നാണ് പറഞ്ഞത്. എന്നാൽ കരാർ പ്രകാരം ബാക്കി തുകയ്ക്ക് മറ്റു പണികൾ ചെയ്യാനുള്ള ഫണ്ട് മാത്രമേയുള്ളൂ. റൂഫ് നിർമ്മിക്കണമെങ്കിൽ പുതിയ ഫണ്ട് അനുവദിക്കണം.
1955 സ്ഥാപിച്ച ഈ ഗ്രന്ഥശാലയുടെ പഴയ കെട്ടിടത്തിലും പ്രവർത്തനമില്ല. പുതിയ കെട്ടിട്ടം പാതിപ്പണിയിൽ കിടക്കുന്നതിനാൽ ഗ്രന്ഥശാല പ്രവർത്തനം നിലവിൽ നിലച്ച മട്ടാണ്. നൂറുകണക്കിന് പുസ്തകങ്ങൾ ചാക്കിൽ കെട്ടി കിടന്നു നശിക്കുന്ന അവസ്ഥയിലാണിപ്പോൾ.