തിരുവനന്തപുരം: പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോട്ടൺഹിൽ സ്‌കൂളിൽ യു.പി വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്‌തതായി പരാതി. അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളാണ് അദ്ധ്യാപകരോട് പരാതിപ്പെട്ടത്. റാഗ് ചെയ്‌ത വിദ്യാർത്ഥികളെ കണ്ടെത്താൻ തിരിച്ചറിയൽ പരിശോധന നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താനായില്ല. സ്‌കൂൾ അധികൃതർ മ്യൂസിയം പൊലീസിൽ പരാതി നൽകി.
സംഭവത്തെ തുടർന്ന് ഭീതിയിലായ കുട്ടികളുടെ മാനസികസംഘർഷം കുറയ്‌ക്കാൻ നാളെ കൗൺസലിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം ടോയ്ലെറ്റിലേക്ക് പോയ അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളെ അതിനുള്ളിൽ വച്ച് മുതിർന്ന കുട്ടികൾ തടഞ്ഞുനിറുത്തി കൈയിലെ ഞരമ്പ് മുറിക്കുമെന്നും കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയിൽ പിടിച്ച് ബലമായി അമർത്തിയെന്നുമാണ് കുട്ടികൾ അദ്ധ്യാപകരോട് പറഞ്ഞത്. ' കളർ ഡ്രെസും മാസ്‌കും ധരിച്ച ചേച്ചിമാരാണ് ' ഭയപ്പെടുത്തിയതെന്നും കുട്ടികൾ വ്യക്തമാക്കിയിരുന്നു.
ഇതോടെ യു.പി വിഭാഗത്തിലെ അദ്ധ്യാപകർ ഹയർസെക്കൻഡറി വിഭാഗത്തിലെത്തി അദ്ധ്യാപകരോട് വിവരം പറഞ്ഞു. തുടർന്നാണ് റാഗിംഗിന് വിധേയരായ കുട്ടികളെ ഹയർ സെക്കൻഡറി ക്ലാസുകളിലെത്തിച്ച് തിരിച്ചറിയൽ പരിശോധന നടത്തിയത്. മാസ്‌ക് ധരിച്ചിരുന്നതിനാലാണ് മുഖം തിരിച്ചറിയാൻ കഴിയാത്തതെന്നാണ് വിവരം. കൂടാതെ യൂണിഫോമിലെത്തുന്ന ചില കുട്ടികൾ ഇടവേള സമയത്ത് അതിന് മുകളിൽ കളർ ഡ്രെസ് ധരിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.
വെള്ളിയാഴ്ച മ്യൂസിയം പൊലീസ് സ്‌കൂളിലെത്തി അദ്ധ്യാപകരിൽ നിന്ന് വിവരം ശേഖരിച്ചു. നാളെ സ്‌കൂളിലെത്തി വിദ്യാർത്ഥികളുമായി സംസാരിക്കുമെന്ന് സി.ഐ ധർമ്മജിത്ത് അറിയിച്ചു. അതേസമയം കൂടുതൽ രക്ഷിതാക്കൾ തിങ്കളാഴ്ച സ്‌കൂളിലെത്തി പരാതി നൽകുമെന്നാണ് വിവരം.