നെടുമങ്ങാട് (തിരുവനന്തപുരം): സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. നെടുമങ്ങാട് സത്രം മുക്കിലെ ധനലക്ഷ്മി ഓഡിറ്റോറിയത്തിൽ പ്രത്യേകം തയാറാക്കിയ എം. സുജനപ്രിയൻ നഗറിൽ പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പുതിയ ജില്ലാ കൗൺസിൽ അംഗങ്ങളെയും ഒക്ടോബർ ഒന്ന് മുതൽ നാല് വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്ത് സമ്മേളനം ഇന്ന് സമാപിക്കും. യുക്തിചിന്തയിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ പുതുതലമുറയെ വാർത്തെടുക്കാനായി നവോത്ഥാന ആശയങ്ങളിൽ അടിയുറച്ച് മുന്നോട്ട് പോകാൻ ഇടതുപക്ഷ, പുരോഗമന പ്രസ്ഥാനങ്ങൾക്ക് സാധിക്കണമെന്ന് കാനം പറഞ്ഞു.രാവിലെ സമ്മേളന പ്രതിനിധികൾ പ്രകടനമായെത്തി രക്തസാക്ഷി സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.മന്ത്രി അഡ്വ.ജി.ആർ. അനിൽ, പാർട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.സമ്മേളന പ്രതിനിധികളുടെയും പാർട്ടി പ്രവർത്തകരുടെയും ആവേശോജ്ജ്വല മുദ്രാവാക്യങ്ങൾ മുഴങ്ങവേ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായ മുതിർന്ന നേതാവ് അഡ്വ.ജെ. വേണുഗോപാലൻ നായർ രക്തപതാക ഉയർത്തി. ജില്ലയിലെ 17 മണ്ഡലം കമ്മിറ്റികളിൽ നിന്നായി 360 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ, സംസ്ഥാന നിർവാഹകസമിതി അംഗവും മുതിർന്ന നേതാവുമായ സി. ദിവാകരൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ദേശീയ കൗൺസിൽ അംഗം എൻ. രാജൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. മന്ത്രി ജി.ആർ. അനിൽ കൺവീനറായുള്ള അഞ്ചംഗ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. രണ്ട് ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. രാജേന്ദ്രൻ, മന്ത്രി കെ. രാജൻ തുടങ്ങിയവരും എത്തിച്ചേരുന്നുണ്ട്. ഉദ്ഘാടനസമ്മേളനത്തിൽ മീനാങ്കൽ കുമാർ രക്തസാക്ഷി പ്രമേയവും പി.കെ. രാജു അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ കെ.എസ്. അരുൺകുമാർ സ്വാഗതം പറഞ്ഞു. വി.പി. ഉണ്ണികൃഷ്ണൻ, പാട്ടത്തിൽ ഷെറിഫ് എന്നിവരും സംസാരിച്ചു.സംസ്ഥാന സെക്രട്ടറിയുടെ രാഷ്ട്രീയ റിപ്പോർട്ടിലും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചകൾ ആരംഭിച്ചു. ഇന്നും തുടരും.