
തിരുവനന്തപുരം: കെ.എസ്. ഇ.ബി ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകൾ പൂർണമായും പൂട്ടുന്നതിന്റെ മുന്നോടിയായി 500 രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി അടയ്ക്കാൻ ഉത്തരവ്. വിവാദമായതോടെ ഉടനടി നടപ്പാക്കുന്നത് മന്ത്രി കെ.കൃഷ്ണൻകുട്ടി വിലക്കി.
തത്ക്കാലം, 500 രൂപയിൽ കൂടുതൽ തുകയുമായി കൗണ്ടറിലെത്തിയാൽ
സ്വീകരിക്കുമെങ്കിലും ഓൺലൈനിൽ അടയ്ക്കാൻ പ്രേരിപ്പിക്കും. രണ്ടോ മൂന്നോ തവണ അങ്ങനെ ചെയ്തുകഴിയുമ്പോൾ ഉപഭോക്താക്കൾ അതിനു തയ്യാറാവുമെന്നാണ് കണക്കുകൂട്ടൽ.അതിനുശേഷം തീരുമാനം നടപ്പാക്കും.
2000 രൂപയിൽ കൂടുതലുള്ള തുക ഇപ്പോൾ കൗണ്ടറിൽ സ്വീകരിക്കാറില്ല.
ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ഉപഭോക്താക്കളുടെ പകുതിയോളം പോലുമില്ല. പുതിയ സംവിധാനത്തിലേക്ക് മാറാൻ ഉൗർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കർശനനിർദ്ദേശം നൽകിയെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ കണക്കുപ്രകാരം ബോർഡിൽ ജീവനക്കാർ കൂടുതലാണ്. കുറയ്ക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. സെക്ഷൻ ഓഫീസുകളിലെ രണ്ട് കൗണ്ടറുകൾ ഒന്നായി ചുരുക്കി. ഒരു ഷിഫ്ടാക്കുകയും ചെയ്തു.
`സാവകാശം ഒാൺലൈനിലേക്ക് മാറണമെന്നത് ദേശീയ തലത്തിലുള്ള പരിഷ്കാരമാണ്. മാറിനിൽക്കാനാവില്ല. കേരളബാങ്കിലടക്കം പണമടയ്ക്കാൻ സംവിധാനമുണ്ടാക്കും.'
-മന്ത്രി കെ. കൃഷ്ണൻകുട്ടി
സ്മാർട്ട് മീറ്റർ വരുമ്പോൾ....
2025ഒാടെ സംസ്ഥാനം പൂർണ്ണമായി സ്മാർട്ട് മീറ്റർ സംവിധാനത്തിലേക്ക് മാറുകയാണ് .അതോടെ കാഷ് കൗണ്ടറുകളും മീറ്റർ റീഡർമാരും പൂർണ്ണമായും ഒഴിവാകും.പി.എസ്.സി വഴിയുള്ള നിയമനങ്ങളിലും കുറവ് വരും.
ബിൽ അടയ്ക്കാൻ...
#അക്ഷയ, ജനസേവന കേന്ദ്രങ്ങൾ. ചെറിയ ഫീസ് ഈടാക്കും
# മൊബൈലിലെ പേയ് മെന്റ് ആപ്പുകൾ വഴി നേരിട്ട്
#ഇന്റർനെറ്റ് പേയ്മെന്റ് വഴി
#ഉപഭോക്താക്കൾ......................................... 1,33,42,055
#500രൂപയിൽ താഴെ അടക്കുന്നവർ............. 25,20,715
#കാഷ് കൗണ്ടറുകൾ.................................................. 914