oda

പാറശാല: സ്കൂളിൽ നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകാൻ നിർമ്മിച്ച ഓട സ്വകാര്യ വ്യക്തി അടച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ധനുവച്ചപുരം ഗവ.ഗേൾസ് ഹൈസ്കൂളിലെ വെള്ളം ഒഴുകിപ്പോകുന്നതിന് വേണ്ടി വർഷങ്ങൾക്ക് മുൻപ് പി.ഡബ്ല്യു.ഡി സ്ഥാപിച്ച ഓടയാണ്, സമീപത്തുള്ള വസ്തു വാങ്ങിയ റിയൽ എസ്റ്റേറ്റ് ഉടമ സിമന്റ് കൊണ്ട് അടച്ചത്.ഇതിന് സമീപത്തായുള്ള റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്ത ധനുവച്ചപുരം സ്വദേശിയും പൊതു പ്രവർത്തകനും വൃദ്ധനുമായ ജോണിനെയും റിയൽ എസ്റ്റേറ്റ് ഉടമയുടെ സംഘം മർദ്ദിച്ച് അവശനാക്കിയതിനെ തുടർന്ന് ഇപ്പോൾ പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട അടച്ചതോടെ ശക്തമായ മഴയുണ്ടായാൽ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വെള്ളം കെട്ടി നിന്ന് മതിലിന് തകരാർ സംഭവിക്കുകയും വൻ അപകടത്തിനും കാരണമാകാം. അനധികൃതമായി ഓട അടച്ചതിനെതിരെ സ്കൂൾ അധികൃതർ കൊല്ലയിൽ പഞ്ചായത്തിനും പാറശാല പൊലീസിനും പരാതി നൽകി.