തിരുവനന്തപുരം: നഗരസഭയിൽ കൂടുതൽ കെട്ടിട നമ്പർ തട്ടിപ്പ് നടന്നതായി സംശയമുണ്ടെന്ന് വിജിലൻസ് സംഘം. നഗരസഭയിൽ വിജിലൻസിന്റെ ഓപ്പറേഷൻ ട്രൂ ഹൗസിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ. കുന്നുകുഴിയിലെ ഒരു വ്യവസായ കെട്ടിടത്തിന് കെട്ടിട നമ്പർ നൽകിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സംശയം.

വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ ആ കെട്ടിടത്തിന് നമ്പർ നൽകിയ രേഖകൾ നഗരസഭയിലില്ല. ഇതാണ് തട്ടിപ്പ് നടന്നെന്ന വിജിലൻസിന്റെ സംശയം കൂടുതൽ ബലപ്പെടുത്തുന്നത്. അതിനാൽ വ്യാപക പരിശോധനയ്‌ക്ക് തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ആറുമാസത്തെ ഇടപാടുകളാണ് പരിശോധിക്കുക. ക്രമക്കേട് കണ്ടെത്തിയാൽ മുമ്പുള്ള മാസങ്ങളിലെയും കെട്ടിട നമ്പർ നൽകിയതും സംഘം അന്വേഷിക്കും.

വഞ്ചിയൂരിൽ ഒരു ഡോക്ടറുടെ ഷോപ്പിംഗ് കോംപ്ളക്സിന് സ്ഥല പരിശോധന നടത്താതെ നിർമ്മാണ അനുമതി നൽകിയെന്നും പണി പൂർത്തിയാകാതെ കെട്ടിടങ്ങൾക്കും കംപ്ളീഷൻ സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥർ മുൻകൂറായി നൽകുന്നുവെന്നും പല ഫയലുകളും തീർപ്പാക്കാതെ ചില ഉദ്യോഗസ്ഥർ പൂഴ്‌ത്തിവച്ചെന്നും സംഘം കണ്ടെത്തി. വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി വിനോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.