തിരുവനന്തപുരം: നഗരസഭ പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് 17 വനിതകൾക്കെതിരേ മ്യൂസിയം പൊലീസ് കേസെടുത്തു. സബ്സിഡി ആനുകൂല്യം നൽകിയെന്ന് കോർപ്പറേഷനിൽ രേഖയുള്ളവർക്കെതിരെയാണ് കേസെടുത്തത്. മേയറുടെ പരാതി പ്രകാരമാണ് നടപടി.
പട്ടികജാതി വനിതകൾക്കുള്ള സ്വയം തൊഴിൽ വായ്പ പദ്ധതിക്കായി ഇവർ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നാണ് മേയർ നൽകിയിരിക്കുന്ന പരാതി. താലൂക്ക് ഓഫീസിൽ പരിശോധിച്ച് വ്യാജമാണെന്ന് റിപ്പോർട്ട് നൽകിയ സർട്ടിഫിക്കറ്റുകളിലെ പേരുകാരെയാണ് ആദ്യ ഘട്ടത്തിൽ പൊലീസ് പ്രതികളാക്കിയിരിക്കുന്നത്. നിർവഹണ ഉദ്യോഗസ്ഥനായ വ്യവസായ വകുപ്പ് എക്സ്റ്റൻഷൻ ഓഫീസറുടെ ഭാഗത്ത് നിന്ന് വിഴ്ചയുണ്ടായതായും പരാതിയിൽ പരാമർശമുണ്ട്.
എന്നാൽ ഇപ്പോൾ പ്രതിയാക്കപ്പെട്ടവരിൽ പലരും ആനുകൂല്യങ്ങൾക്കായി അപേക്ഷ പോലും നൽകിയവരല്ല. 2020 - 21 സാമ്പത്തിക വർഷത്തെ പട്ടികജാതി വനിതകൾക്കുള്ള വായ്പ സബ്സിഡി തുകയായ 1.26 കോടിയാണ് തട്ടിയെടുത്തത്. വായ്പ എടുക്കാതെ സബ്സിഡി മാത്രം സഹകരണ ബാങ്കിൽ നിന്ന് മാറിയെടുക്കുകയായിരുന്നു. ഓഡിറ്റ് വകുപ്പ് സംശയം തോന്നി ജാതി സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കയച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
എന്നാൽ കോർപ്പറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രഥമ വിവരറിപ്പോർട്ട് തയാറാക്കിയതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ഇതിനാലാണ് വ്യാജസർട്ടിഫിക്കറ്റിൽ പേരുള്ളവരുടെ പേരിൽ എഫ്.ഐ.ആർ ഇട്ടത്. തുടർ അന്വേഷണത്തിൽ ലഭിക്കുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടിക പുതുക്കുമെന്നും മ്യൂസിയം സി.ഐ ധർമ്മജിത്ത് പറഞ്ഞു.
പൂന്തുറ സ്വദേശികളായ ചിത്ര.എസ്, കവിത.കെ,ഷീല.ജി, പ്രസന്ന, തിരുവല്ലം സ്വദേശിനികളായ ഷീജ.എസ്,
സൗമ്യ.എസ്, ശോഭ.ആർ,ജയകുമാരി.എസ്,പ്രയങ്ക.വി, കുളത്തൂർ സ്വദേശികളായ വത്സല.എസ്,സജന.എ,ജയന്തി, ചാല സ്വദേശികളായ രമ.വി,ഗീതാകുമാർ.എം, മുട്ടത്തറ സ്വദേശി ഷീല.എസ്, വള്ളക്കടവ് സ്വദേശി സുനിത.എസ്,ആശ്രമവിളാകം സ്വദേശി ബീന.എൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.