
നാഗർകോവിൽ: ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ കൈയിൽ നിന്ന് ഒരു കോടി രൂപ തട്ടിയ ആളെ പൊലീസ് പിടികൂടി. ഇളങ്കട സ്വദേശി ഫാത്തിമ റമീകയുടെ കൈയിൽ നിന്ന് പണം തട്ടിയ കേസിൽ കുലശേഖരം സ്വദേശി പ്രഭയാണ് (45) പിടിയിലായത്. തമിഴ്നാട്ടിൽ സർക്കാർ ഓഫീസിൽ എ.പി.ആർ.ഒ ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പല തവണയായി തന്റെ കൈയിൽ നിന്ന് പ്രതി 1,00,25,000 രൂപ വാങ്ങിയതായി ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന് ഫാത്തിമ നൽകിയ പരാതിയിൽ പറയുന്നു. എസ്.ഐ മഹേശ്വരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.