ഷോപ്പിംഗ് കോംപ്ളക്സും പണിതു

തിരുവനന്തപുരം: ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതെന്ന് കൃഷി ഓഫീസറും വില്ലേജ് ഓഫീസറും റിപ്പോർട്ട് നൽകിയ തണ്ണീർത്തടം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി ഷോപ്പിംഗ് കോംപ്ളക്സ് പണിതെന്ന പരാതിയിൽ റവന്യുവകുപ്പ് പരിശോധന തുടങ്ങി. ഏഴ് വർഷം മുമ്പ് പരിസ്ഥിതി പ്രവർത്തകരടക്കം എതിർക്കുകയും വില്ലേജ് ഓഫീസർ തണ്ണീർത്തടമെന്ന് നോട്ടിഫിക്കേഷൻ നടത്തുകയും ചെയ്ത സ്ഥലമാണ് സബ്കളക്ടർ 2019-ൽ തരംമാറ്റി കൊടുത്തത്. തലശ്ശേരി താലൂക്കിലെ മമ്പറത്താണ് 27.5 സെന്റ് നികത്തി ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിച്ചത്.

റവന്യു വകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി.പി.മുരളി തന്നെ ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അഡ്വ.കെ.മോഹൻദാസ് മുഖേന ലോകായുക്തയിൽ പരാതി നൽകിയിരിക്കുകയാണ് മുരളി. ഇവിടെയുള്ള സ്കൂളിനോട് ചേർന്ന് രണ്ട് ഏക്കർ സ്ഥലമാണ് വ്യവസായി മമ്പറം മാധവൻ 2011-ൽ വാങ്ങിയത്. നാലു കുന്നുകളാൽ ചുറ്റപ്പെട്ട നിലവും തണ്ണീർത്തടവും ചേർന്ന സ്ഥലത്ത് ചെറിയ അരുവിയുമുണ്ടായിരുന്നു. റോഡിനോട് ചേർന്നുള്ള സ്ഥലം നികത്താൻ തുടങ്ങിയപ്പോഴേ പരിസരവാസികൾ എതിർപ്പുമായി എത്തി. സ്ഥലം പരിശോധിച്ച പാതിരിയാട് വില്ലേജ് ഓഫീസർ പ്രദേശം ഡേറ്റാബാങ്കിൽ ഉൾപ്പെട്ടതാണെന്ന് റിപ്പോർട്ടു നൽകി. ഈ റിപ്പോർട്ട് മറികടന്നാണ് വസ്തു തരംമാറ്റത്തിന് സബ് കളക്ടർ അനുമതി നൽകിയതെന്നാണ് ആക്ഷേപം.വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വകവയ്ക്കാതെയാണ് ബഹുനില കെട്ടിടം നിർമ്മിച്ചത്.

തലശ്ശേരി സബ്കളക്ടർ, തഹസീൽദാർ,പാതിരിയാട് വില്ലേജ് ഓഫീസർ, വേങ്ങാട് പടുവിലായി കൃഷി ഓഫീസർ, സ്ഥലം ഉടമ മമ്പറം മാധവൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ലോകായുക്തയിൽ പരാതി നൽകിയത്. ലോകായുക്ത എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

റോഡിനോട് ചേർന്നുള്ള സ്ഥലം മാത്രമാണ് തരം മാറ്റിയത്. 2008 ന് മുമ്പ് നികത്തിയതാണെന്നും ഡേറ്റാ ബാങ്കിൽ പെട്ടുപോയതാണെന്നുമുള്ള റിപ്പോർട്ട് പരിഗണിച്ചാണ് തരം മാറ്റം അനുവദിച്ചത്. ഒരു ക്രമക്കേടും കണ്ടെത്തിയില്ല.

മമ്പറം മാധവൻ , സ്ഥലം ഉടമ.

ഈ വിഷയത്തിൽ കത്ത് ലഭിച്ചിട്ടുണ്ട്. പരിശോധിക്കുന്നതേയുള്ളു.

കെ.രാജൻ,

റവന്യുമന്ത്രി