തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ചൈനീസ് പോണ്ട് ഹെറൺ വിഭാഗത്തിൽപ്പെട്ട കൊക്കിനെ കണ്ടെത്തി. എറണാകുളം തട്ടേക്കാട് പക്ഷി സങ്കേതത്തിനടുത്ത് ഉൗഞ്ഞാപ്പറ അയ്യപ്പമുടിക്ക് സമീപത്തുനിന്നാണ് മുവാറ്റുപുഴ സ്വദേശിയും ബയോളജി അദ്ധ്യാപകനും വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറുമായ രാജീവ് പി.ആർ ചൈനീസ് പോണ്ട് ഹെറൺ (ചൈനീസ് കുളക്കൊക്കിനെ) കണ്ടെത്തിയത്. ചൈനയിലെ ആഴം കുറഞ്ഞ ശുദ്ധജല,ഉപ്പുവെള്ള കുളങ്ങൾക്കും തണ്ണീർത്തടങ്ങൾക്കും പുറമേ വടക്കുകിഴക്കൻ ഇന്ത്യയിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കിഴക്കൻ ഏഷ്യയിലെ ഉപഉഷ്ണമേഖല പ്രദേശങ്ങളിലും ഇവ കാണപ്പെടാറുണ്ട്.19 ഇഞ്ചുവരെ നീളമുള്ള ഇവ അത്യപൂർവമായാണ് തെക്കേ ഇന്ത്യയിൽ കാണപ്പെടുന്നത്. 2013ൽ തമിഴ്നാട്ടിലും 2020ൽ തട്ടേക്കാടും ഓരോ ചൈനീസ് കൊക്കിനെ കണ്ടെത്തിയിരുന്നു.
ചൈനീസ് പോണ്ട് ഹെറണിന്റെ ഇന്ത്യൻ പതിപ്പായ ഇന്ത്യൻ പോണ്ട് ഹെറണുമായി ഇവയ്ക്ക് രൂപസാദൃശ്യമുണ്ട്. തൂവലുകളുടെ നിറമാണ് ഇവയെ മറ്റു കൊക്കുകളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. സാധാരണ വെള്ളയും തവിട്ടും ഇടകലർന്ന തൂവലുകളുള്ള ഇവ പ്രജനനം നടത്തുന്ന സമയത്ത് കഴുത്തിന്റെ ഭാഗത്ത് കടുത്ത തവിട്ടു നിറവും ശരീരത്തിന്റെ മുകൾഭാഗത്ത് കറുപ്പ് നിറവുമുള്ള തൂവലുകളാണ് കാണാറുള്ളത്. തട്ടേക്കാട് കണ്ടെത്തിയ കൊക്കിന്റെ തൂവലിനും ഇതേ നിറമാണ്. മഞ്ഞ നിറത്തിലുള്ള ചുണ്ടും കണ്ണുകളും കാലുകളുമുള്ള ചൈനീസ് പോണ്ട് ഹെറണുകളുടെ പ്രധാന ഭക്ഷണം ശുദ്ധജല മത്സ്യങ്ങളും ഞണ്ട്, കൊഞ്ച് മുതലായവയുമാണ്.