കടയ്ക്കാവൂർ: മാസങ്ങളായി പണി ഇഴഞ്ഞുനീങ്ങുന്ന ആലംകോട് - മീരാൻ കടവ് റോഡിൽ അധികൃതരുടെ മേൽനോട്ടത്തിൽ കുഴികളടയ്ക്കാൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇതുവഴി മണനാക്കിൽ നടക്കുന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ധൃതി പിടിച്ച് പണി നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ അധികൃതർ ഇത് നിഷേധിച്ചു.
36 കോടി രൂപ ചെലവിട്ടാണ് ഒൻപത് കിലോമീറ്റർ ദൈർഘ്യത്തിൽ ആലംകോട് - മീരാൻ കടവ് റോഡ് നവീകരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് കരാർ.
ഒൻപത് മാസം മുൻപ് ആരംഭിച്ച പണി ഇഴഞ്ഞു നീങ്ങുകയാണെന്നും ദിവസങ്ങളായി പണി നടക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പ്രദേശത്ത് പൊടിശല്യവും രൂക്ഷമാണ്. റോഡിൽ മെറ്റൽ നിരത്തിയിട്ടുണ്ടെങ്കിലും പലഭാഗത്തും വൻകുഴികൾ ഉള്ളതിനാൽ ഇരുചക്ര വാഹനങ്ങളിലടക്കം യാത്ര ദുഃസഹമാണെന്ന് നാട്ടുകാർ പറഞ്ഞു.
നിലയ്ക്കാമുക്ക് ജംഗ്ഷൻ മുതൽ പള്ളിമുക്ക് ഭാഗം വരെ റോഡിന് വീതി കുറയുന്ന രീതിയിലാണ് നിർമ്മാണമെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. റോഡ് പണി വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികളോട് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ നിഷ്ക്രിയ നിലപാടാണ് സ്വീകരിച്ചത്.
എന്നാൽ ഇന്നലെ നേരം പുലരുന്നതിന് മുൻപ് തന്നെ ജോലിക്കാരെത്തി റോഡിൽ കുഴികളടയ്ക്കുന്ന ജോലികൾ ആരംഭിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായെത്തിയ നാട്ടുകാർ പണി തടയുകയായിരുന്നു. സംഭവമറിഞ്ഞ് ആറ്റിങ്ങൽ പൊലീസും സ്ഥലത്തെത്തി. അടിയന്തരമായി തീർക്കാമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് രാവിലെ പതിനൊന്നോടെ പണി പുനരാരംഭിക്കുകയായിരുന്നു. അടുത്ത ലെയർ പണി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് കുഴികൾ നികത്തിയതെന്നും മന്ത്രി കടന്നു പോകുന്നത് തങ്ങൾ അറിഞ്ഞിട്ടില്ലെന്നും അധികൃതർ പറഞ്ഞു.