
തിരുവനന്തപുരം: വടക്കൻ പാട്ട് നിലനിറുത്താൻ പൂമാതൈ പൊന്നമ്മയ്ക്ക് കഴിയുമെന്ന് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ. പട്ടം സ്വദേശി പി.എസ്. രാജ്‌മോഹനന്റെ 'പൂമാതൈ പൊന്നമ്മ, എ നോർത്ത് മലബാർ ബാലഡ്' എന്ന ഇംഗ്ളീഷ് പരിഭാഷാ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നമ്മയുടേത് ജീവത്യാഗമാണ്. സ്ത്രീയുടെ ധീരതയും രക്തസാക്ഷിത്വവും ആരാധിക്കപ്പെടേണ്ടതാണെന്ന് ഇതിൽ പറയുന്നുണ്ട്. സാഹിത്യത്തിനപ്പുറം ഈ പുസ്തകവും അതിലെ സംഭവ വികാസങ്ങളും ഒരു ചരിത്രം കൂടിയാണ്. എത്രയെത്ര പൊന്നമ്മമാരുടെ ജീവത്യാഗം കൊണ്ടാണ് നമ്മുടെ സമൂഹ മനഃസാക്ഷിയെ ആ വിഷയത്തിലേക്ക് ഉണർത്തിയത്. കേരളത്തിലെ സാമൂഹിക ചരിത്രത്തിലെ കൂടുതൽ അന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ഈ പരിഭാഷാ പുസ്തകം പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചരിത്രകാരൻ എം.ജി. ശശിഭൂഷണന് നൽകി കെ. ജയകുമാർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. വടക്കൻ പാട്ടുകളും മാപ്പിള രാമായണവും സമ്മാനിച്ച ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ 1952ലാണ് 'പൂമാതൈ പൊന്നമ്മ' സമാഹരിച്ച് പ്രസിദ്ധീകരിച്ചത്. ഇതിന് 70 വർഷത്തിനിപ്പുറമാണ് ഇപ്പോൾ പുസ്തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ. തിരൂർ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളം വിഭാഗം പ്രൊഫസർ പി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ പ്രവീൺ.സി, സംവിധായകൻ അനുരാജ് മനോഹർ, ഗ്രന്ഥകർത്താവ് രാജ്മോഹനൻ, അരുൺ ജെ.പി തുടങ്ങിയവർ പങ്കെടുത്തു.