ss

തിരുവനന്തപുരം: ഗ്രൂപ്പ് തർക്കം പിടിമുറുക്കിയതോടെ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനിൽ ഭാരവാഹി തിരഞ്ഞെടുപ്പ് നീളുന്നു. കെ.സി. വേണുഗോപാൽ അനുകൂലികളും എ ഗ്രൂപ്പും ഒരു വശത്തും, ചെന്നിത്തല അനുകൂലികളായ വിശാല ഐ ഗ്രൂപ്പ് മറുവശത്തുമായി നടത്തുന്ന ചരടുവലികളാണ് അസോസിയേഷൻ സമ്മേളനം നടന്ന് ഒരു മാസമാകാറായിട്ടും തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നത്.

തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറെ പോലും നിശ്ചയിക്കാനായിട്ടില്ല. 31നകമെങ്കിലും ഭാരവാഹികളെ കണ്ടെത്താൻ കോൺഗ്രസ് നിർദ്ദേശം നൽകിയെങ്കിലും അതെങ്ങനെ നടപ്പാക്കുമെന്നതാണ് സംഘടനയിൽ ഉയരുന്ന ചോദ്യം. റിട്ടേണിംഗ് ഓഫീസറായി പി.സി. സാബുവിനെ എ ഗ്രൂപ്പും, രാമചന്ദ്രൻ നായരെ ഐ ഗ്രൂപ്പും നിർദ്ദേശിച്ചു. ഇരു പക്ഷവും തുല്യശക്തികളായതിനാൽ രണ്ടിലൊരാളെ നിശ്ചയിക്കാനാവാത്ത നിലയാണ്.

ഗ്രൂപ്പ് ഭേദമെന്യേ രാമചന്ദ്രൻനായർക്ക് പിന്തുണയുണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ അവകാശവാദം. എന്നാൽ എ ഗ്രൂപ്പ് ഇത് തള്ളി. ചിന്തൻ ശിബിർ കഴിഞ്ഞ് കോൺഗ്രസ് നേതാക്കളെത്തുന്ന മുറയ്ക്ക് തർക്കപരിഹാരമുണ്ടാക്കി റിട്ടേണിംഗ് ഓഫീസറെ നിശ്ചയിക്കുമെന്നാണ് അസോസിയേഷൻ നേതാക്കൾ പറഞ്ഞത്.

ഈ മാസം ഏഴിനായിരുന്നു അസോസിയേഷന്റെ സമ്മേളനം. നിലവിലെ പ്രസിഡന്റായ എം.എസ്. ജ്യോതിഷും ട്രഷററായ കെ.എസ്. ഹാരിസും എ ഗ്രൂപ്പ് നോമിനികളാണ്. ജനറൽസെക്രട്ടറി കെ. ബിനോദ് ഐ ഗ്രൂപ്പ് നോമിനിയും. വർഷങ്ങളായി പ്രസിഡന്റും ട്രഷററും കൈവശം വച്ചിരിക്കുന്നത് എ ഗ്രൂപ്പായതിനാൽ ഇക്കുറി രണ്ടിലൊന്ന് ലഭിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.