യുവതാരങ്ങളുടെ പോരാട്ടവുമായി 13 ചിത്രങ്ങൾ

പുതുമുഖ നായകൻമാരായി ആകാശ് സെൻ, രഞ്ജിത് സജീവ്

dk

ആഗസ്റ്റ് മാസം തിയേറ്ററിൽ റിലീസ് ചാകര ഒരുക്കാൻ13 ചിത്രങ്ങൾ. ഒാണം റിലീസിന് മേജർ ചിത്രങ്ങൾ ഒരുങ്ങന്നതിനാൽ ഇവയിൽ പലതും ഒാണക്കാലം കൂടി ലക്ഷ്യമിട്ട് എത്തുന്നത്. യുവതാരങ്ങളായ ദുൽഖർ സൽമാന്റെയും കുഞ്ചാക്കോ ബോബന്റെയും ടൊവിനോ തോമസിന്റെയും ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ജോജു ജോർജ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോളമന്റെ തേനീച്ചകൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. ആഗസ്റ്റ് അഞ്ചിന് ആറുചിത്രങ്ങൾ റിലീസ് ചെയ്യും. ദുൽഖർ സൽമാൻ നായകനായി ഒരേസമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ എത്തുന്ന സീതാരാമം ആഗസ്റ്റ് 5ന് റിലീസ് ചെയ്യും. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പ്രണയ ചിത്രത്തിൽ മൃണാൽ താക്കൂർ ആണ് ദുൽഖറിന്റെ നായിക.രശ്മിക മന്ദാന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റു താരങ്ങൾ.

ഡിനോയ് പൗലോസ് , മാത്യു തോമസ്, ലിജോ മോൾ ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ കിരൺ ആന്റണി സംവിധാനം ചെയ്യുന്ന വിശുദ്ധ മെജോ 5ന് എത്തും. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന വിശുദ്ധ മെജോ ഒരു പ്രണയചിത്രമാണ്.

വിഷ്ണു ഉണ്ണിക്കഷ്ണൻ, ജോണി ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിക്കുന്ന സബാഷ് ചന്ദ്രബോസ് ആണ് അഞ്ചിന് റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. 1980 കളിലെ തെക്കൻ കേരളത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന സായാഹ്‌ന വാർത്തകൾ അഞ്ചിന് റിലീസ് ചെയ്യും. പുതുമുഖം ശരണ്യ ശർമ്മ ആണ് നായിക.ഇർഷാദ്, എം.എ. നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ കെ. സതീഷ് സംവിധാനം ചെയ്യുന്ന ടു മെൻ ആഗസ്റ്റ് 5ന് തിയേറ്ററിൽ. പ്രവാസി ജീവിതത്തിലെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ടു മെൻ ഒരുങ്ങുന്നത്. സാജു നവോദയ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന പോത്തുംതല അഞ്ചിന് റിലീസ് ചെയ്യുന്നുണ്ട്. അനിൽ കാരക്കുളം ആണ് രചനയും സംവിധാനവും.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ന്നാ താൻ കേസ് കൊട് ആഗസ്റ്റ് 11ന് തിയേറ്ററിൽ എത്തും. തമിഴ്നടി ഗായത്രി ശങ്കറാണ് നായിക. ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് മറ്റു താരങ്ങൾ.

thallumala

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ നായകനും നായികയുമായി അഭിനയിക്കുന്ന തല്ലുമാല ആഗസ്റ്റ് 12ന് തിയേറ്ററിൽ എത്തും . ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുഹ്‌സിൻ പരാരി, അഷറഫ് ഹംസ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു. ജോജു ജോർജിനൊപ്പം ദർശന, വിൻസി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ലാൽ ജോസ് ചിത്രം സോളമന്റെ തേനീച്ചകൾ 18ന് റിലീസ് ചെയ്യും. ലാൽ ജോസും വിദ്യാസാഗറും പത്തുവർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രംകൂടിയാണ്. പുതുമുഖം രഞ്ജിത് സജീവ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് 19ന് റിലീസ് ചെയ്യും. രോഹിണി മൊളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ. ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ ജെ.എ എന്റർടെയ്ൻ മെന്റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ്.

lijo

കൃഷ്ണശങ്കർ, റാംമോഹൻ, ഷൈൻ ടോംചാക്കോ, അജു വർഗീസ്, സ്വാസിക, ദുർഗകൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിലഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുടുക്ക് 2025 19ന് റിലീസ് ചെയ്യും. റൊമാന്റിക് മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് . റിലീസ് മാറ്റിയ ഷെയ്ൻ നിഗം, വിനയ് ഫോർട്ട് ചിത്രം ബർമുഡ 19ന് പ്രേക്ഷകർക്ക് മുന്നിൽ എത്തും. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ഗാനം ആലപിക്കുന്നുണ്ട്.പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ചിത്രസംയോജകൻ ഡോൺ മാക്സ്രചനയും സംവിധാനവും നിർവഹിക്കുന്ന അറ്റ് ആഗസ്റ്റ് റിലീസായാണ് ഒരുങ്ങുന്നത്. ടെക്നോ ത്രില്ലർ ഗണത്തിൽപ്പെട്ട അറ്റ് ഇന്റർനെറ്റ് ലോകത്തെ ചതിക്കുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്‍വർക്കുകളും ചർച്ച ചെയ്യുന്ന ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.