ചിറയിൻകീഴ്: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ പെരുങ്ങുഴി നാലുമുക്ക് ജംഗ്ഷനിൽ ജവവാഹിനിക്കുഴൽ പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവാകുന്നു. ഇതുമായി ബന്ധപ്പെട്ട് റോഡ് പൊളിച്ച് എടുത്ത കുഴി യാത്രക്കാർക്ക് ദുരിത യാത്ര സമ്മാനിക്കുകയാണ്. ആഴ്ചകൾക്ക് മുൻപാണ് ഇവിടെ ജലവാഹിനിക്കുഴൽ പൊട്ടിയത്. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ദിവസങ്ങൾക്ക് മുമ്പാണ് അധികൃതർ ഇവിടെ എത്തിയത്. നിരവധി തവണ പൊട്ടിയ ജോയിന്റുകളിൽ പുതിയ പൈപ്പ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടതിനെത്തുടർന്ന് പൈപ്പ് മാറ്റാൻ അധികൃതർ തയ്യാറായെങ്കിലും വെള്ളം സപ്ലേ ചെയ്ത് ലീക്ക് ഇല്ലായെങ്കിൽ കുഴി മൂടിയാൽ മതിയെന്ന് നാട്ടുകാർ അറിയിച്ചു. ഇതനുസരിച്ച് ചെയ്യാമെന്ന് ഉറപ്പ് നൽകിയെങ്കിലും അധികൃതർ ദിവസങ്ങൾ കഴിഞ്ഞും എത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാലുമുക്ക് ജംഗ്ഷനിൽ ഇടഞ്ഞുംമ്മൂല റോഡ് ആരംഭിക്കുന്ന ഭാഗത്താണ് വാട്ടർ അതോറിട്ടി പൈപ്പ് ഇടുന്നതിന്റെ ഭാഗമായി എടുത്ത കുഴിയുള്ളത്. സ്കൂൾ വാഹനങ്ങൾ അടക്കം ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ഇതിനുപുറമേ അഴൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു‌മുണ്ട്.

water