riyas

വക്കം : കവർച്ച നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടി. വക്കം വലിയ പള്ളിക്ക് സമീപം കൊച്ചു വീട്ടിൽ റിയാസ് (26) ആണ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സംഘത്തിലെ പാറയടി വിഷ്ണു, അഖിൽ എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഏപ്രിലിൽ കവലയൂരിൽ നിന്നു വന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിറുത്തി മാരകായുധങ്ങൾ കാട്ടി മൊബൈൽ ഫോണും പണവും തട്ടിയെടുത്തശേഷം ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കെതിരെ പല കേസുകൾ ഉള്ളതിനാൽ വർക്കല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കടയ്ക്കാവുർ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപികരിച്ചാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന റിയാസിന് പണവും സാധനങ്ങളും എത്തിച്ചിരുന്നത് വിഷ്ണുവും അഖിലുമാണെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. എസ്.ഐ മാരായ ദീപു, മാഹിൻ, എ.എസ്.ഐമാരായ ശ്രീകുമാർ, ജയകുമാർ, എസ്.പി.സി.ഒമാരായ ജ്യോതിഷ്, സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.