
തിരുവനന്തപുരം: മൂന്നാഴ്ചയിലേറെയായിട്ടും എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് അക്രമിയെയോ കൃത്യത്തിനുപയോഗിച്ച ഡിയോസ്കൂട്ടറോ സിറ്റി പൊലീസിന് കണ്ടെത്താനാവാത്തത് കേസ് ഏറ്റെടുക്കുന്ന ക്രൈംബ്രാഞ്ചിനും വെല്ലുവിളിയാകും.
സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളിൽ ചുവന്ന ഡിയോ സ്കൂട്ടറിലെത്തി സ്ഫോടകവസ്തു എറിയുന്നത് വ്യക്തമാണെങ്കിലും സ്കൂട്ടറിന്റെ നമ്പർ തിരിച്ചറിയാനായിട്ടില്ല. സി ഡാക്കിലും ഫോറൻസിക് ലാബിലും വിദേശരാജ്യങ്ങളിലെ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുപയോഗിച്ച് പരിശോധിച്ചിട്ടും നമ്പർ വ്യക്തമാകാത്തത് ക്രൈംബ്രാഞ്ചിനും കടുത്ത പരീക്ഷണമാകും. ദൃക്സാക്ഷികളില്ലാത്ത കേസിൽ വാഹനത്തിന്റെ നമ്പർ നിർണായക തെളിവായതിനാൽ സംസ്ഥാനത്തിന് പുറത്തുള്ള ലാബിന്റെ സഹായം അനിവാര്യമാകും. അക്രമി ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ രേഖാചിത്രത്തിനുള്ള സാദ്ധ്യതയും ഇല്ല. കൃത്യത്തിനുപയോഗിച്ച ഡിയോസ്കൂട്ടർ കണ്ടെത്താൻ ഷോറൂമുകളിലേക്ക് നീണ്ട അന്വേഷണവും പാതിവഴിയിലാണ്. സംശയിക്കപ്പെട്ടവരും സമൂഹമാദ്ധ്യമങ്ങളിൽ എ.കെ.ജി സെന്ററിനും സി.പി.എമ്മിനുമെതിരെ പോസ്റ്റിട്ടവരുമുൾപ്പെടെ 200 പേരെയാണ് സിറ്റി പൊലീസ് ഇതുവരെ ചോദ്യംചെയ്തത്. എ.കെ.ജി സെന്റർ ജീവനക്കാരുൾപ്പെടെ നിരവധിപേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കാനുള്ള നിർദ്ദേശം ഡി.ജി.പിയുടെ ഉത്തരവിലുള്ളതിനാൽ കേസ്‌ഫയൽ ഇന്നുതന്നെ കൈമാറാനാണ് സാദ്ധ്യത. ഇതോടെ, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർബേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ പുതിയ അന്വേഷണത്തിനു തുടക്കമാകും.