general

ബാലരാമപുരം: ഒക്കത്ത് കുഞ്ഞിനെയുമേന്തി സ്കൂൾ വളപ്പിൽ നങ്ങേലിയെത്തിയപ്പോൾ കുട്ടികൾക്ക് കൗതുകമായി. പൂതപ്പാട്ടിലെ കഥാപാത്രങ്ങളെ കാണാനെത്തിയ കുട്ടികൾക്ക് ആകാംക്ഷയും ആഹ്ലാദവുമായിരുന്നു. നേമം ഗവൺമെന്റ് യു.പി.എസിലാണ് വായന മാസാചരണത്തിന്റെ സമാപന ദിവസം ദൃശ്യാവിഷ്കാരം ഒരുക്കിയത്. ഇടശ്ശേരി ഗോവിന്ദൻ നായരുടെ 'പൂതപ്പാട്ടി'ലെ കഥാപാത്രങ്ങളുടെ വേഷമിട്ട് സഹപാഠികൾ വേദിയിലെത്തിയപ്പോൾ കൂട്ടുകാർക്കത് വേറിട്ടനുഭവമായി. വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും എൽ.പി വിദ്യാർത്ഥികളുമായ ശിഖ, വൈഗ,ദേവനന്ദ യു.പി വിഭാഗത്തിലെ ഹരികൃഷ്ണൻ,ദേവിക,അഷ്ടമി,കാശിനാഥൻ,​വൈഷ്ണവി,കാർത്തിക്,നിരഞ്ചൻ,അപർണ,വൈഗ കൃഷ്ണൻ,ഋഷികാ കൃഷ്ണൻ,സനാ ഫാത്തിമ എന്നിവരാണ് കഥാപാത്രങ്ങളായി വേഷമിട്ടത്. അദ്ധ്യാപകരായ കെ.ബിന്ദു പോൾ,വി.പി.മായ,പി.എസ് ഗീത,മാതൃസമിതി അംഗം മഞ്ചു എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. മാസാചരണത്തിന്റെ ഭാഗമായി 606 കൈയെഴുത്ത് മാസികകളുടെ പ്രകാശനവും പുസ്തകം പരിചയവും പുറമേ പ്രത്യേക അസംബ്ലിയും നടന്നു.