
മന്ത്രി ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് യോഗം പി.ടി.എ യോഗത്തിൽ കൂടുതൽ പരാതിയുമായി രക്ഷിതാക്കൾ
തിരുവനന്തപുരം: കോട്ടൺഹിൽ സ്‌കൂളിലെ അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർത്ഥികളെ മുതിർന്ന കുട്ടികൾ റാഗ് ചെയ്‌ത സംഭവത്തിൽ സർക്കാർ ഇടപെടൽ. മന്ത്രി വി. ശിവൻകുട്ടിയും ബാലാവകാശ കമ്മിഷനും വിഷയത്തിൽ ഇടപ്പെട്ടു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. അടിയന്തര റിപ്പോർട്ടാണ് ബാലാവകാശ കമ്മിഷൻ ഡി.ഇ.ഒയോട് ആവശ്യപ്പെട്ടത്.
സംഭവത്തിൽ പൊലീസ് നടപടി വിലയിരുത്തിയ ശേഷം കേസെടുക്കാനാണ് ബാലാവകാശ കമ്മിഷന്റെ തീരുമാനം. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. മന്ത്രി സ്‌കൂളിൽ നേരിട്ടെത്തുകയോ സ്‌കൂൾ അധികൃതരെ വിളിച്ചുവരുത്തുകയോ ചെയ്യും. അതേസമയം സ്‌കൂൾ അധികൃതരുടെ പരാതിയിൽ മ്യൂസിയം പൊലീസ് ഇന്ന് സ്‌കൂളിലെത്തി വിദ്യാർത്ഥിനികളുമായി സംസാരിക്കും.
ബാത്ത്റൂമിൽ വച്ച് തങ്ങളെ ഭയപ്പെടുത്തിയതും ആക്രമിക്കാൻ ശ്രമിച്ചതും ചേച്ചിമാരാണെന്നാണ് കുട്ടികൾ അദ്ധ്യാപകരോട് പറഞ്ഞത്. അതിനാൽ ഏത് വിഭാഗത്തിലെ കുട്ടികളാണ് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ല. അതിനിടെ ഇന്നലെ വൈകിട്ട് ഹൈസ്‌കൂൾ, യു.പി വിഭാഗങ്ങളിലെ അദ്ധ്യപകരുടെ സ്റ്റാഫ് മീറ്റിംഗും പിന്നാലെ ക്ലാസ് പി.ടി.എയും ചേർന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും രക്ഷിതാക്കൾ ഭയപ്പെടേണ്ടതില്ലെന്നും സ്‌കൂൾ അധികൃതർ രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചു.
അശാസ്ത്രീയമായ ക്ലാസ് മുറി ക്രമീകരണം
കോട്ടൺഹില്ലിലെ പുതിയബ്ലോക്കിലെ ക്ലാസ് മുറി ക്രമീകരണമാണ് പ്രശ്‌നങ്ങൾക്ക് പ്രധാനകാരണമെന്നാണ് രക്ഷിതാക്കളുടെ പരാതി. അഞ്ച്, ഒമ്പത്,12 ക്ലാസുകളാണ് നിലവിൽ ഈ ബ്ലോക്കിലുള്ളത്. യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രത്യേകം ക്രമീകരിക്കണമെന്നിരിക്കെയാണ് ഇവിടെ എല്ലാം കൂട്ടിക്കുഴച്ചിരിക്കുന്നത്.
മറ്റ് സ്‌കൂളിൽ നിന്ന് ആദ്യമായി എത്തുന്നവരാണ് അഞ്ചാം ക്ലാസുകാർ. ഇവർക്ക് പ്രത്യേക ശ്രദ്ധവേണം. എന്നാൽ യു.പി ബ്ലോക്കിൽ നിന്ന് മാറി നിൽക്കുന്നതിനാൽ ഇവരെ കൃത്യമായി ശ്രദ്ധിക്കാൻ അദ്ധ്യാപകർക്ക് കഴിയുന്നില്ല. മൂന്ന് നിലകളിലും ടോയ്ലെറ്റുകളുണ്ടെങ്കിലും മുതിർന്ന കുട്ടികൾ അഞ്ചാം ക്ലാസിലെ കുട്ടികളിലെ ടോയ്ലെറ്റുകൾ ഉപയോഗിക്കുന്നതും പതിവാണ്. യു.പി ബ്ലോക്കിൽ ടോയ്ലെറ്റുകൾ പലതും വൃത്തിഹീനമായതിനാൽ ഈ കുട്ടികളും പുതിയ ബ്ലോക്കിലെ ടോയ്ലെറ്റുകളാണ് ഉപയോഗിക്കുന്നത്.