
വിലക്കുറവ് 40 രൂപ വരെ
തിരുവനന്തപുരം: ഓണം പടിവാതിലിലെത്തിയതോടെ വിപണിപിടിക്കാൻ കളത്തിലിറങ്ങി വ്യാജ വെളിച്ചെണ്ണക്കമ്പനികൾ. കേര അടക്കമുള്ള മികച്ച കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 180 രൂപയ്‌ക്ക് മുകളിൽ വിലയുള്ളപ്പോൾ 30-40 രൂപ കുറച്ചാണ് വ്യാജന്മാരുടെ വില്പന. വിലക്കുറവെന്ന ചൂണ്ടയിൽ കൊത്തിയാണ് ഉപഭോക്താക്കളിൽ പലരും വ്യാജ വെളിച്ചെണ്ണ വീട്ടിലെത്തിക്കുന്നത്.
സർക്കാർ സ്ഥാപനമായ കേരഫെഡ് വിപണിയിലിറക്കുന്ന ജനപ്രിയ ബ്രാൻഡായ കേരയുടെ സമാനമായ പേരാണ് പല വ്യാജന്മാർക്കും. കേര പവിത്രം, കേര ക്രിസ്റ്റൽ, കേര തൃപ്തി, താര, കേര ലീഫ്, കോക്കോ ലൈക്, കേര തീരം, കേര ഡ്രോപ്പ്, കേര സ്വർണം എന്നിങ്ങനെയാണ് നിരോധിക്കപ്പെട്ട വ്യാജന്മാരുടെ പേരുകൾ.
കോയമ്പത്തൂർ, കാങ്കയം, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്ന് മായം ചേർത്ത വെളിച്ചെണ്ണ ടാങ്കറിലെത്തിച്ച് പായ്ക്ക് ചെയ്ത് വിപണിയിലിറക്കുന്നതാണ് വ്യാജ കമ്പനികളുടെ പതിവ്. ചെക്ക് പോസ്റ്റുകളിലെത്തുമ്പോൾ വെളിച്ചെണ്ണയുടെ ഗുണനിലവാരം പരിശോധിക്കാനുള്ള പരിമിതികളാണ് വ്യാജന്മാർക്ക് അനുഗ്രഹമാകുന്നത്.
മായംചേർത്ത 166 ബ്രാൻഡ് വെളിച്ചെണ്ണകൾ കഴിഞ്ഞവർഷങ്ങളിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിർദ്ദേശപ്രകാരമുള്ള പരിശോധനകളിൽ കണ്ടെത്തി നിരോധിച്ചിരുന്നു. എന്നാൽ, നിരോധിച്ചവയിലേറെയും ഇപ്പോഴും വിപണിയിലുണ്ട്. കാൻസറടക്കമുള്ള മാരകരോഗങ്ങൾക്ക് വരെ ഇവകാരണമാകുന്നുണ്ട്.
വിലകുറച്ച് കേന്ദ്രം
ആഗോളവിപണിയിൽ സൂര്യകാന്തി എണ്ണ, പാംഓയിൽ തുടങ്ങിയവയ്‌ക്ക് വില കുറഞ്ഞതിനെ തുടർന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം രാജ്യത്തെ എല്ലാ ഭക്ഷ്യഎണ്ണ നിർമ്മാതാക്കളോടും ഉത്പന്നങ്ങൾക്ക് കിലോയ്ക്ക് 15-20 രൂപ കുറയ്‌ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ അവസരം മുതലാക്കി വിലകുറച്ച് നിയമം പാലിച്ചെന്ന വ്യാജേന പാരഫിനടക്കമുള്ള മായം പതിന്മടങ്ങ് കലർത്തിയാണ് വ്യാജൻമാരുടെ വില്പന. വെളിച്ചെണ്ണ നിർമ്മിക്കുന്ന ഉത്പാദന കേന്ദ്രങ്ങൾക്കാണ് എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷൻ നൽകുന്നത്. ഇതിന്റെ മറവിലാണ് ഒരു ഉത്പാദന കേന്ദ്രത്തിനുള്ള രജിസ്‌ട്രേഷൻ കാട്ടി മായം ചേർത്ത പലബ്രാൻഡ് വെളിച്ചെണ്ണകൾ വിൽക്കുന്നത്.
വേണം കർശന പരിശോധന
കേരയുടെ സമാനപേരിലും അല്ലാതെയും വിൽക്കുന്ന വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകളുടെ ഗുണനിലവാരം ഒരിക്കൽക്കൂടി പരിശോധിക്കണമെന്നാവശ്യപ്പെട്ട്
കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി, മാനേജിംഗ് ഡയറക്ടർ ആർ.അശോക് എന്നിവർ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് കത്ത് നൽകി. അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ എത്തുന്ന വെളിച്ചെണ്ണ കർശനമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു.