sreeram-venkitaraman

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന ശ്രീറാംവെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. കൊലപാതകക്കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ ശ്രീറാംവെങ്കിട്ടരാമനെ ജനങ്ങളുമായും മാദ്ധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്. കോടതി വിധി വരുന്നതിന് മുമ്പ് കേസിലെ ഒന്നാം പ്രതിയെ കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്. മാദ്ധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാംവെങ്കിട്ടരാമന്റെ നിയമനം പുനഃപരിശോധിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.