തിരുവനന്തപുരം: കെട്ടിട നമ്പർ തട്ടിപ്പിൽ വമ്പന്മാർ കുടുങ്ങുമെന്നായപ്പോൾ നഗരസഭയുടെ ആഭ്യന്തര അന്വേഷണം പൂട്ടിക്കെട്ടിയെന്ന് ആക്ഷേപം. നഗരസഭയുടെ പരിശോധനയിൽ കുന്നുകുഴി വാർഡിലും ഫോർട്ട് സോണലിലും ക്രമക്കേട് നടന്നെന്ന് ഭരണസമിതി തന്നെ സമ്മതിച്ചിട്ടും കൂടുതൽ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം ഓപ്പറേഷൻ ട്രൂഹൗസിന്റെ നേതൃത്വത്തിൽ നഗരസഭയിൽ നടത്തിയ പരിശോധനയിൽ കുന്നുകുഴിയിൽ ക്രമക്കേട് നടന്നെന്ന് സംശയമുണ്ടെന്ന് വിജിലൻസ് സംഘം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ സംഘത്തിന്റെ നീക്കമറിഞ്ഞ് ഫയലുകൾ ഉദ്യോഗസ്ഥർ തട്ടിക്കൂട്ടാൻ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്. കുന്നുകുഴിയിലെ 12 കെട്ടിടങ്ങൾക്ക് നമ്പർ തരപ്പെടുത്തിയതിൽ ക്രമക്കേട് നടന്നതായി കൃത്യമായ സംശയമുണ്ടെന്നും പരിശോധന റിപ്പോർട്ട് കഴിഞ്ഞ് പുറത്തുവിടുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു.
എന്നാൽ, ഇതുവരെ ആ റിപ്പോർട്ട് പുറത്തുവന്നില്ല. കുന്നുകുഴി വാർഡിൽ കെട്ടിട നമ്പർ ക്രമക്കേടിൽ സംശയിക്കുന്ന കെട്ടിടങ്ങൾ സി.പി.എം അനുഭാവമുള്ളവരുടേത് ആയതുകൊണ്ടാണ് അന്വേഷണം പൂട്ടിക്കെട്ടുന്നതെന്നാണ് ആക്ഷേപം. വമ്പന്മാർ കുടുങ്ങിയാൽ ഭരണസമിതിക്കും നാണക്കേടുണ്ടാക്കുമെന്ന സാഹചര്യത്തിലാണ് തത്കാലം അന്വേഷണം നിറുത്തിവച്ചിരിക്കുന്നത്.
പരിമിതിയെന്ന് വിശദീകരണം
കെട്ടിട നമ്പർ തട്ടിപ്പ് നടന്ന സാഹചര്യത്തിൽ വ്യാപക പരിശോധന നടത്താൻ നഗരസഭയ്‌ക്ക് പരിമിതിയുണ്ടെന്നാണ് വിശദീകരണം. നിലവിൽ ഏപ്രിൽ - മേയ് മാസങ്ങളിലെ കെട്ടിട നമ്പർ അനുവദിച്ചതാണ് പരിശോധിക്കുന്നത്. എന്നാൽ ഇതിന് മുന്നുള്ളത് കെട്ടിട നമ്പർ പരിശോധിക്കുന്നതിനുള്ള ഉദ്യോഗസ്ഥ പരിമിതിയാണ് നഗരസഭയെ വലയ്‌ക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സേവനങ്ങൾ നടക്കുന്ന നഗരസഭയിൽ തട്ടിപ്പിന് വേണ്ടിയുള്ള വ്യാപക പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്കും സമയം ലഭിക്കുന്നില്ല.
അതുകൊണ്ട് തന്നെ വളരെ സമയമെടുത്ത് മാത്രമേ കൂടുതൽ പരിശോധന നടത്താൻ സാധിക്കൂള്ളൂവെന്നാണ് നഗരസഭയുടെ വിശദീകരണം. കഴിഞ്ഞ ആറ് മാസത്തിനിടെ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പല കൗൺസിലർമാരും പരാതിപ്പെട്ടിരുന്നു. ഇപ്പോൾ അറസ്റ്റുചെയ്ത നാലുപേരെ വച്ച് കേസ് ഒതുക്കി തീർക്കാനാണ് നീക്കമെന്നാണ് ആക്ഷേപം.
അവസരം മുതലാക്കാൻ പ്രതിപക്ഷം
നഗരസഭ കെട്ടിട നമ്പർ തട്ടിപ്പിന്റെ പ്രശ്‌നം ഒതുക്കാൻ നോക്കുമ്പോൾ മറുവശത്ത് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുന്നത്. നികുതി തട്ടിപ്പിൽ വലിയ മൈലേജ് കിട്ടിയ ബി.ജെ.പി സമരമുറ ഈ പ്രശ്‌നത്തിലും ഉപയോഗിക്കാനും പദ്ധതിയിടുന്നുണ്ട്. അംഗങ്ങൾ കുറവാണെങ്കിലും ബി.ജെ.പിയൊടൊപ്പമെത്താൻ സമരത്തിന് തയ്യാറെടുക്കുകയാണ് യു.ഡി.എഫും.