
തിരുവനന്തപുരം: ആഗോള തലത്തിൽ മികവ് തെളിയിച്ച കേരളത്തിലെ നഴ്സുമാർ നാടിന്റെ അഭിമാനമാണെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദ ദാനച്ചടങ്ങ് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ബിരുദദാനം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സെലീന ഷാ അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, നഴ്സിംഗ് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ആർ. ബിൻസി, എസ്.എ.ടി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എസ്. ബിന്ദു, മുൻ പ്രിൻസിപ്പൽ പ്രൊഫ. എൽ. നിർമ്മല, പ്രൊഫ. പി. സുശീല തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ. ടി. പ്രേമലത പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
രണ്ട് ബാച്ച് ബി.എസ്.സി നഴ്സിംഗ്, രണ്ട് ബാച്ച് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്, മൂന്ന് ബാച്ച് എം.എസ്.സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് എന്നിങ്ങനെ എട്ട് ബാച്ചിന്റെ ബിരുദദാന ചടങ്ങാണ് നടന്നത്. 64 –ാമത് ജി.എൻ.എം ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.