
തിരുവനന്തപുരം: കേരളത്തിലെ വിഷയങ്ങളിൽ ഇവിടത്തെ പാർട്ടി ഘടകവുമായി ആലോചിക്കാതെയാണ് ആനി രാജ പ്രതികരിക്കുന്നതെന്ന് വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ തലസ്ഥാന ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയ്ക്കൊടുവിൽ മറുപടി പറയവേയാണ് പാർട്ടി ദേശീയ എക്സിക്യൂട്ടീവംഗമായ ആനി രാജയ്ക്കെതിരെ കാനം വീണ്ടും നിലപാടെടുത്തത്. തനിക്കെതിരായ വ്യക്തിപരമായ വിമർശനങ്ങൾക്ക് കുറേയെല്ലാം മറുപടി നൽകിയ കാനം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിനിധികളുയർത്തിയ വിമർശനങ്ങളോട് പ്രതികരിച്ചില്ല.
ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതായില്ലെന്ന് കാനം പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് അംഗമായ അവർ ദേശീയ നേതൃത്വത്തിലെ കേരളത്തിൽ നിന്നുള്ള സഹപ്രവർത്തകരോടെങ്കിലും കാര്യങ്ങൾ ചർച്ച ചെയ്യേണ്ടേ? പകരം ഒരു മാദ്ധ്യമ പ്രവർത്തകനോടാണ് ആദ്യമേ പ്രതികരിച്ചത്.
മൂവാറ്റുപുഴയിലെ മുൻ എം.എൽ.എ എൽദോ എബ്രഹാം സർക്കാരിനെതിരെ പ്രത്യക്ഷസമരത്തിന് പാർട്ടിയിൽ ആലോചിക്കാതെയാണ് പോയത്. പാർട്ടി നിയമസഭാകക്ഷിയിലും ആലോചിച്ചില്ല. പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി നേരിട്ട് പോയി അന്വേഷിച്ചപ്പോൾ പാർട്ടി അറിഞ്ഞല്ല സമരത്തിൽ പങ്കെടുത്തതെന്ന് ബോദ്ധ്യമായി. എം.ജി സർവകലാശാലയിൽ എ.ഐ.എസ്.എഫ് പ്രവർത്തക നിമിഷ രാജുവിന് മർദ്ദനമേറ്റ സംഭവത്തിലുണ്ടായത് സാധാരണ വിദ്യാർത്ഥി സംഘട്ടനമാണ്. അവിടെ എസ്.സി-എസ്.ടി ആക്ട് പ്രകാരം കേസ് നൽകുന്ന കാര്യം പാർട്ടിയറിഞ്ഞിരുന്നില്ല. രണ്ട് എസ്.എഫ്.ഐക്കാരുടെ പഠിത്തം മുടങ്ങുമെന്ന് വന്നപ്പോഴാണ് കേസുമായി മുന്നോട്ട് പോകേണ്ടെന്ന് പാർട്ടി പറഞ്ഞത്.
സി.പി.എമ്മുമായി എപ്പോഴും തർക്കവും വഴക്കും വേണമെന്ന് ആഗ്രഹിക്കുന്നവർ പാർട്ടിയിലുണ്ട്. എന്നാൽ അതല്ല ഇക്കാലം ആവശ്യപ്പെടുന്നതെന്നും കാനം ചൂണ്ടിക്കാട്ടി.
സി.പി.എമ്മിനും പൊലീസിനും വീണ്ടും വിമർശനം
പ്രവർത്തന റിപ്പോർട്ടിന്മേൽ ഇന്നലെ നടന്ന ചർച്ചയിൽ പൊലീസിനെതിരെ നിശിത വിമർശനമുയർന്നു. എ.ഐ.എസ്.എഫുകാരെ കൈകാര്യം ചെയ്യാൻ മാത്രമാണ് പൊലീസിന് ഉത്സാഹമെന്ന് ചിലർ കുറ്റപ്പെടുത്തി. വീണുപോകുമെന്ന് സി.പി.എം കരുതുന്നിടത്തേ സി.പി.ഐയെ അവർ സഹകരിപ്പിക്കൂ. ഇത്തരം പോരായ്മകളൊന്നും എടുത്തുപറയാത്ത ജില്ലാ സെക്രട്ടറിയുടെ പ്രവർത്തനറിപ്പോർട്ട് തട്ടിക്കൂട്ടാണ്. പാർട്ടി നേതാക്കളെക്കുറിച്ചുള്ള വിമർശനമോ സ്വയം വിമർശനമോ അതിലില്ല.
എൽ.ഡി.എഫ് സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാൻഡ് ചെയ്യിക്കാൻ സി.പി.എം ബോധപൂർവ്വം ശ്രമിക്കുന്നു. എൽ.ഡി.എഫിന്റെ കെട്ടുറപ്പ് നിലനിറുത്തേണ്ട ബാദ്ധ്യത സി.പി.ഐക്ക് മാത്രമല്ല. സി.പി.എമ്മിൽ നിന്നെത്തുന്നവർക്ക് കൂടുതൽ പരിഗണന പാർട്ടി നൽകണം. തിരുവനന്തപുരം ലോക്‌സഭാമണ്ഡലം തിരിച്ചുപിടിക്കാൻ നേതൃത്വം ശക്തമായി ഇടപെടണം. താഴേത്തലത്തിൽ ജില്ലയിലെ സി.പി.എം- സി.പി.ഐ യോജിപ്പ് പലേടത്തും കാര്യമായില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.