
ഒഴിവാക്കിയതിൽ പൊട്ടിത്തെറിച്ച് ഡോ. സി. ഉദയകല
തിരുവനന്തപുരം: 54 സ്ഥിരാംഗങ്ങളും അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളും ഉൾപ്പെടെ 59 പേരുൾപ്പെടുന്ന പുതിയ ജില്ലാ കൗൺസിലിനെ തിരഞ്ഞെടുത്ത് സി.പി.ഐയുടെ ജില്ലാ സമ്മേളനം നെടുമങ്ങാട്ട് പൂർത്തിയായി. 54 പേരടങ്ങുന്ന നിലവിലെ സ്ഥിരം കൗൺസിലിൽ നിന്ന് 14 പേർ ഒഴിവായി പകരം പുതിയ 14 പേർ വന്നു. ഇതിൽ നാലുപേർ പഴയ കാൻഡിഡേറ്റംഗങ്ങളാണ്.
ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായിരുന്ന ജെ. വേണുഗോപാലൻ നായർ, പൂവച്ചൽ ഷാഹുൽ, എം. രാധാകൃഷ്ണൻ നായർ, കള്ളിക്കാട് ചന്ദ്രൻ എന്നിവരും മുൻ ഡെപ്യൂട്ടി സ്‌പീക്കറായ മുതിർന്ന നേതാവ് ഭാർഗവി തങ്കപ്പൻ, കോലിയക്കോട് എൻ. ദാമോദരൻ നായർ എന്നിവരുമാണ് ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖർ. പ്രായപരിധി നിബന്ധനയുടെ പേരിലാണ് ഇവർ ഒഴിവായത്. അന്തരിച്ച ജി. രാജീവിന്റെ ഒഴിവുമുണ്ടായി. നിലവിൽ കൗൺസിലിലുണ്ടായിരുന്ന മഹിളാ സംഘം നേതാവ് ഡോ. സി. ഉദയകലയെ ഒഴിവാക്കിയതും അപ്രതീക്ഷിതമായി. ഇതിനെതിരെ സമ്മേളനത്തിൽ അവർ പൊട്ടിത്തെറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ ഓടിനടന്ന തന്നെ ഒഴിവാക്കിയതിന്റെ കാരണമറിയണമെന്ന് അവർ ആവശ്യപ്പെട്ടു. പുതിയ ആളുകളെ ഉൾപ്പെടുത്തേണ്ടതുണ്ടെന്നാണ് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ മറുപടി നൽകിയത്.
പുതിയ പാനൽ തയ്യാറാക്കാനായി നിലവിലെ ജില്ലാ എക്‌സിക്യുട്ടീവ് യോഗം ചേർന്നപ്പോൾ സോളമൻ വെട്ടുകാടും ഉദയകലയെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് വാദിച്ചു. പുതിയ ആളുകളെ ഉൾപ്പെടുത്താൻ ചിലരെ ഒഴിവാക്കേണ്ടി വരുമെന്ന നിലപാടാണ് അവിടെയും നേതൃത്വം സ്വീകരിച്ചത്. എം.എച്ച്. സലിം, ഇ.എം. റഷീദ്, വി. രഞ്ജിത്, കെ. നിർമ്മൽകുമാർ, വി.ബി. ജയകുമാർ, എൻ. അയ്യപ്പൻ നായർ, മുരളി പ്രതാപ്, പി.ആർ. രാജീവ് എന്നിവരും നിലവിലെ കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ടു. നിലവിലെ കൗൺസിലിലുണ്ടായിരുന്ന കുര്യാത്തി മോഹനനെ ഒഴിവാക്കിയുള്ള പാനൽ അവതരിപ്പിച്ചപ്പോൾ മുരളി പ്രതാപ് എതിർത്തു. മോഹനനെ ഉൾപ്പെടുത്തിയേ മതിയാകു, നിർബന്ധമെങ്കിൽ താനൊഴിവാകാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം മാറി കുര്യാത്തി മോഹൻ തിരിച്ചെത്തിയത്.
പുതിയ ജില്ലാ കൗൺസിൽ:
ജി.ആർ. അനിൽ, മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, വി.പി. ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട്, അരുൺ കെ.എസ്, ഇന്ദിരാ രവീന്ദ്രൻ, മീനാങ്കൽ കുമാർ, മനോജ് ബി. ഇടമന, കെ.എസ്. മധുസൂദനൻ നായർ, വിളപ്പിൽ രാധാകൃഷ്ണൻ, പി.എസ്. ഷൗക്കത്ത്, വെങ്ങാനൂർ ബ്രൈറ്റ്, പി.കെ.രാജു, പി വേണുഗോപാൽ,വി.എസ്. സുലോചനൻ, എൻ. ഭാസുരാംഗൻ, തമ്പാനൂർ മധു, വട്ടിയൂർക്കാവ് ശ്രീകുമാർ,വി ശശി, പാട്ടത്തിൽ ഷെരീഫ്, എ.എം.റൈസ്, സുന്ദരേശൻ നായർ, സി.എസ്. ജയചന്ദ്രൻ, ചന്തവിള മധു, എ.എം. ശാഫി, ഡി. ടൈറ്റസ്, പാപ്പനംകോട് അജയൻ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, കുര്യാത്തി മോഹനൻ,
എം.എസ്. റഷീദ്,എ.എസ്.ആനന്ദകുമാർ,എം.ജി. രാഹുൽ,പി.എസ്. നായിഡു,രാഖി രവികുമാർ,വിളവൂർക്കൽ പ്രഭാകരൻ,
ജി.എൻ. ശ്രീകുമാർ,കരകുളം രാജീവ്,ചിത്രലേഖ,കള്ളിക്കാട് ഗോപൻ,ആനാവൂർ മണികണ്ഠൻ,വി. മണിലാൽ,എസ്. ചന്ദ്രബാബു,
ഡി രജിത് ലാൽ,കാലടി ജയചന്ദ്രൻ,ലതാ ഷിജു,ഷീജ പാലോട്,കെ. ദേവകി,എസ്.ആർ. വിജയൻ,ആർ.എസ്. ജയൻ,ആദർശ് കൃഷ്ണ,സി.എസ്. രാധാകൃഷ്ണൻ,ജി.എൽ. അജീഷ്,തുണ്ടത്തിൽ അജി.