
തിരുവനന്തപുരം: തലസ്ഥാന ജില്ലയെ വ്യവസായ ശവപ്പറമ്പാക്കരുതെന്നും തിരുവനന്തപുരത്തിന്റെ വ്യാവസായിക പുരോഗതി ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ശ്രദ്ധ വേണമെന്നും സി.പി.ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പരമ്പരാഗത വ്യവസായങ്ങളെ സമുദ്ധരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. അടച്ചുപൂട്ടപ്പെട്ട തോട്ടങ്ങളിലെ തൊഴിലാളികൾ പട്ടിണിയിലാണ്, റബർ വർക്‌സ് അടച്ചുപൂട്ടപ്പെട്ടു, ടൈറ്റാനിയം കടുത്ത പ്രതിസന്ധിയിലാണ് തുടങ്ങിയ വിമർശനങ്ങൾ കൂടാതെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ തൊഴിലാളികൾ ശമ്പളവും പെൻഷനും കിട്ടാതെ തെരുവിൽ ശബ്ദമുയർത്തുകയാണെന്നും പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസ്ഥിരത തുലാസിലാവുകയാണെന്നും പ്രമേയത്തിലുണ്ട്.
തലസ്ഥാനത്തിന്റെ റെയിൽവേ വികസനം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാരിസ്ഥിതിക സംവേദക മേഖലകളിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണം, കഴക്കൂട്ടം താലൂക്ക് രൂപീകരിക്കണം, കരമന - കളിയിക്കാവിള ദേശീയപാതാ വികസനം വേഗത്തിലാക്കണം, കേന്ദ്രം വെട്ടിക്കുറച്ച റേഷൻ വിഹിതം പുനഃസ്ഥാപിക്കണം, കേന്ദ്ര സർവീസിലെ ഒഴിവുകൾ നികത്തണം, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.