tree

ഉള്ളൂർ: ദേശീയപാതയിൽ പോങ്ങുംമൂടിന് സമീപം മരച്ചില്ല റോഡിലേക്ക് വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ശക്തമായ കാറ്റിൽ ആൽമരത്തിന്റെ ചില്ല റോഡിന് കുറുകെ വീണത്. മരച്ചില്ല വീഴുന്നതുകണ്ട് ഇരുവശത്തുമുണ്ടായിരുന്ന വാഹനങ്ങൾ നിറുത്തിയതിനാൽ അപകടം ഒഴിവായി.

ഇലക്ട്രിക് പോസ്റ്റിൽ നിന്ന് കണക്ഷൻ നൽകിയിരുന്ന സർവീസ് വയറുകൾ പൊട്ടിയത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. ചില വ്യാപാര സ്ഥാപങ്ങളുടെ എൽ.ഇ.ഡി ബോർഡുകളും തകർന്നിട്ടുണ്ട്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടതോടെയാണ് ഗതാഗത കുരുക്ക് അവസാനിച്ചത്. ഫയർഫോഴ്സ് അംഗങ്ങൾ സ്ഥലത്തെത്തി മരച്ചില്ല മുറിച്ചുമാറ്റി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.