തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലെ റാഗിംഗിനെക്കുറിച്ച് പരാതി ലഭിച്ച് നാലുദിവസമായിട്ടും നടപടിയെടുക്കാത്ത സ്‌കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ സ്‌കൂളിനു മുന്നിൽ സമരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ച്, ആറ് ക്ളാസുകളിലെ കുട്ടികളെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ദേഹോപദ്രവം ഏല്പിച്ചതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ സ്‌കൂളിലും മ്യൂസിയം പൊലീസിലും പരാതി നൽകിയത്.

ഞായറാഴ്ച സ്‌കൂളിൽ കുറച്ച് രക്ഷിതാക്കളെ മാത്രം വിളിച്ച് പി.ടി.എ യോഗം ചേർന്ന് ഉടൻ നടപടിയെടുക്കുമെന്ന് സ്‌കൂൾ അധികൃതർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് മാതാപിതാക്കൾ ഇന്നലെ രാവിലെ സ്‌കൂളിലെത്തിയത്. എന്നാൽ പ്രിൻസിപ്പൽ തങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ പോലും തയാറായില്ലെന്നും, തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങളോട് കളിയാക്കുന്ന തരത്തിലുള്ള മറുപടിയാണ് അധികൃതർ നൽകിയതെന്നും ആരോപിച്ച് രക്ഷിതാക്കൾ പ്രതിഷേധിക്കുകയായിരുന്നു.

ശാശ്വതമായ പരിഹാരമുണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും രക്ഷിതാക്കൾ അറിയിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിനുശേഷം തുടർനടപടി മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

മന്ത്രിയെ തടഞ്ഞു,

സി.സി.ടി.വി റെഡിയായി

സ്‌കൂളിലെത്തിയ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചു. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. റാഗിംഗ് പരാതിയിൽ അടിയന്തര നടപടി വേണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് രക്ഷിതാക്കൾ മന്ത്രിയെ അറിയിച്ചു. സ്‌കൂളിൽ സി.സി ടിവി സ്ഥാപിക്കാനുള്ള തുക എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.

സ്‌കൂളിനെ തകർക്കാൻ ശ്രമമെന്ന്

സ്‌കൂളിൽ നടന്ന സംഭവം പെരുപ്പിച്ചുകാട്ടി ഒരു വിഭാഗം രക്ഷിതാക്കൾ സ്‌കൂളിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ആർ. പ്രദീപ് പറയുന്നു. പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സ്‌കൂൾ അധികൃതരും ആരോപിച്ചു.

വിദ്യാർത്ഥിയിൽ നിന്ന് ബീഡി

കണ്ടെത്തിയതും മറച്ചുവച്ചു

ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയ സംഭവം സ്‌കൂൾ അധികൃതർ ഒതുക്കിത്തീർത്ത വിവരവും റാഗിംഗിന് പിന്നാലെ പുറത്തുവന്നു. തന്റെ മകളെ സഹപാഠി നിർബന്ധിച്ച് ബീഡി വലിപ്പിച്ച സംഭവം കുട്ടിയുടെ അമ്മ തന്നെയാണ് മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞത്.

അത് വെറും ബീഡിയല്ലെന്നും കഞ്ചാവായിരുന്നെന്നും നഴ്സ് കൂടിയായ അമ്മ അറിയിച്ചെങ്കിലും വിദ്യാർത്ഥിനിക്ക് വാണിംഗ് കൊടുത്തെന്ന മറുപടിയാണ് സ്‌കൂൾ അധികൃതരിൽ നിന്ന് ലഭിച്ചതെന്നാണ് ആരോപണം. സ്‌കൂളിലെ അദ്ധ്യാപകൻ തന്നെയാണ് കുട്ടിയുടെ ബാഗിൽ നിന്ന് ബീഡി കണ്ടെത്തിയത്. തുടർന്ന് മകളെ ടി.സി വാങ്ങി മറ്റൊരു സ്‌കൂളിൽ ചേർത്തതായും രക്ഷിതാവ് പറയുന്നു.

മൂത്രമൊഴിക്കുന്നത്

ഇന്റർവെല്ലിന് മതി

സ്‌കൂളിലെ ബാത്ത്റൂമിൽ നടന്ന റാഗിംഗ് വിവരം പുറത്തറിഞ്ഞതോടെ കുട്ടികളെ മൂത്രമൊഴിക്കാൻ വിടാതെ നടപടിയെടുത്ത് സ്‌കൂൾ അധികൃതർ. ആ‌ർത്തവ സമയങ്ങളിൽപ്പോലും കുട്ടികളോട് ക്ളാസ് സമയത്ത് ബാത്ത്റൂമിൽ പോകണ്ടെന്നും ഇന്റർവെല്ലിന് മാത്രം ടോയ്ലെറ്റിൽ വിട്ടാൽ മതിയെന്നാണ് തീരുമാനിച്ചതെന്നും കുട്ടികളോട് അധികൃതർ പറഞ്ഞു. മൂവായിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിലാണ് അധികൃതരുടെ നടപടി.

രക്ഷിതാക്കളുടെ ആവശ്യം

സ്‌കൂൾ അധികൃതർക്കു മുന്നിൽ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് രക്ഷിതാക്കൾ ഉന്നയിക്കുന്നത്. റാഗിംഗ് നടത്തിയ കുട്ടികൾക്ക് കൗൺസലിംഗ് നൽകിയ ശേഷം ടി.സി കൊടുക്കുക, സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന കുട്ടികൾക്ക് കൗൺസലിംഗ് നൽകുക എന്നിവയാണ് ആവശ്യം. റാംഗിംഗിന്റെ പേരിൽ കുട്ടികൾക്ക് ടി.സി നൽകാൻ കഴിയില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം.