sachi

സിജിയും സജിതയും

ഒരു ചേച്ചിയുടെയും അനുജന്റെയും കഥയാണ് പറഞ്ഞുവരുന്നത്.അജിയും ഷിബുവും .ഇത് ഈ ചേച്ചിയുടെയും കുഞ്ഞനുജന്റെയും വീട്ടിലെ വിളിപ്പേരാണ് . അജിയെയും ഷിബുവിനെയും എപ്പോഴും ഒരുമിച്ചേ കാണാൻ കഴിയൂ. എഴുത്തും വായനയുമായിരുന്നു ഇവരുടെ അടുത്ത കൂട്ടുകാർ. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഷിബു കുത്തിക്കുറിച്ചത് ചേച്ചിക്ക് കാണിച്ചുകൊടുത്തു. അത് കവിതയാണെന്ന് രണ്ടുപേർക്കും തിരിച്ചറിയാത്ത പ്രായം. പിന്നീട് കുത്തിക്കുറിച്ചതെല്ലാം ചേച്ചി ബുക്കിൽ പകർത്തി സൂക്ഷിച്ചു. രണ്ടുപേരും ഒരുമിച്ച് സ്വപ്നങ്ങൾ കണ്ടു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്ന് ഷിബുവിന് അതിയായ ആഗ്രഹം. ജീവിതക്ളേശം നിറഞ്ഞ ബാല്യകൗമാരങ്ങളായതിനാൽ ആഗ്രഹം പകൽക്കിനാവായി. രണ്ടുപേരും സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ അച്ഛന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടിരുന്നു. പി.എസ്.സി പരീക്ഷ എഴുതി നടക്കാൻസമയമില്ലാത്തതിനാൽ ഡിഗ്രി കഴിഞ്ഞു ഉടൻ ഷിബു എൽ.എൽ.ബിക്കു ചേർന്നു.കൊച്ചിയിൽ അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകനായി . അജി കോളേജ് അദ്ധ്യാപികയായി.ഷിബുവിനെ സച്ചി എന്ന് വിളിച്ചാൽ മലയാളത്തിന്റെ അനുഗ്രഹീതനായ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായി അറിയപ്പെടും. അജിയെ കെ.ആർ. സജിത എന്നു വിളിച്ചാൽ ഇരിങ്ങാലക്കുടെ ക്രൈസ്റ്റ് കോളേജിലെ ലൈബ്രറി സയൻസ് അദ്ധ്യാപികയാവും. സച്ചിയുടെ പ്രിയപാതിയായി സിജി എത്തുന്നതാണ് കഥയുടെ വഴിത്തിരിവ്.

മികച്ച സംവിധായകനുള്ള ദേശീയ അംഗീകാരം മരണാനന്തര ബഹുമതിയായി സച്ചിയെ തേടി എത്തി. സച്ചിയുടെ ഒാർമകളിൽ ജീവിക്കുന്നു സിജിയും സജിതയും...

സിജി:ഇന്ത്യൻ പ്രസിഡന്റിന്റെ കൈയിൽനിന്ന് അവാർഡ് വാങ്ങുമെന്നും പ്രസിഡന്റിനൊപ്പം ഇരുന്ന് നമ്മൾ രണ്ടുപേരും ഭക്ഷണം കഴിക്കുമെന്നും സച്ചി പറഞ്ഞിട്ടുണ്ട്. അതു ഏറ്റുവാങ്ങാൻ സച്ചി മാത്രമില്ല.അയ്യപ്പനും കോശിയും സിനിമയുടെ ഭാഗമായവർക്ക് അവാർഡ് ലഭിക്കുമെന്നും പറഞ്ഞു. സച്ചി പറഞ്ഞപോലെ ആഗ്രഹിച്ച പോലെ എല്ലാം സംഭവിച്ചു. മരണം പോലും മുൻകൂട്ടി കണ്ടതുപോലെ.

സജിത: സച്ചി ഒരു കവി ആണ്. രണ്ടാമതേയുള്ളൂ സിനിമാക്കാരൻ. കവിത പ്രസിദ്ധീകരിക്കാൻ താത്‌പര്യമില്ലാത്ത കവി. ഇരുപതു വയസിനകം കുറിച്ച കവിതകളാണ് പ്രസിദ്ധീകരിച്ചത്. അവന്റെ ഒരു കവിതാസമാഹാരം പുറത്തിറക്കണമെന്ന് ഞാൻ പത്താം ക്ളാസിൽ പഠിക്കുമ്പോൾ സ്വപ്നം കണ്ടിരുന്നു. അവൻ പോയ ശേഷം കഴിഞ്ഞ ഡിസംബർ 25ന് ജന്മവാർഷികദിനത്തിലാണ് സാധിച്ചത്. അവൻ എഴുതിയ കുറെ കവിതകൾ വീട്ടിൽനിന്ന് നഷ്ടപ്പെട്ടു.ഞാൻ ശേഖരിച്ചുവച്ചതിന്റെ രണ്ടുശതമാനം പോലും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല.

ഒട്ടും പ്രതീക്ഷിക്കാതെ ഞങ്ങളെയെല്ലാം സങ്കടപ്പെടുത്തി പോയതിന്റെ വേദന ഒരിക്കലും മായില്ല.സ്കൂളിലും കോളേജിലും ഞങ്ങൾ ഒരുമിച്ചേ പോയിട്ടുള്ളൂ.

സിജി: എപ്പോഴും കരയുന്ന സ്ത്രീകളെ സച്ചിക്ക് ഇഷ്ടമല്ല.വെറുതേ ഒരു സ്‌ത്രീകഥാപാത്രം എന്റെ സിനിമയിൽ വേണ്ട എന്ന് പറയുമായിരുന്നു. അയ്യപ്പനും കോശിയും സിനിമയിലെ കണ്ണമ്മയെ പോലെ നിലപാടുള്ള ധീരയായ സ്‌ത്രീയാണ് ഇഷ്ടം.കണ്ണമ്മയെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.

സജിത: ഞങ്ങൾ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛന് പത്രം വായിച്ചുകൊടുക്കുന്നത് ഞങ്ങളായിരുന്നു. കുമാരനാശാന്റെ കവിതകൾ അച്ഛന് ഹൃദിസ്ഥമായിരുന്നു. ദുരവസ്ഥയിലെ 'പ്രിയരാഘവ ഉയരുന്നു" എന്ന വരികൾ പ്രത്യേക ഭാവത്തിൽ കൈകൾ ഉയർത്തി അച്ഛൻ പാടുമ്പോൾ അതിന്റെ അർത്ഥം ഏറെ കഴിഞ്ഞാണ് ഞങ്ങൾ തിരിച്ചറിയുന്നത്. സീതാകാവ്യത്തിന്റെ നൂറാം വാർഷികത്തിന് ലൈബ്രറിയിൽ ഞാൻ പുസ്തകം അവതരിപ്പിച്ചു. ആ കവിതയിലൂടെ ഒന്നുകൂടി പോയപ്പോൾ അച്ഛനെ ഞാൻ കണ്ടു, അടുത്തദിവസം വീട്ടിൽ വന്നപ്പോൾ അച്ഛൻ പാടിയ അതേ ഭാവത്തിൽ കൈകൾ ഉയർത്തി സച്ചി പാടുന്നു.

സിജി: മണ്ണിൽ ചവിട്ടിനിന്ന പച്ചയായ മനുഷ്യനായിരുന്നു സച്ചി. കാപട്യമില്ലാത്ത, സത്യസന്ധനായ, നിലപാടുകൾ ഉള്ള, തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവ് വയ്ക്കാത്ത ആത്മാഭിമാനം നിറഞ്ഞ വ്യക്തി.അതു സച്ചിയുടെ പ്രത്യേകതയായിരുന്നു. ഒരു ശ്വസനം പോലെയായിരുന്നു സച്ചിക്ക് എഴുത്ത്.

സജിത: അനാർക്കലി സിനിമയിൽ റേഡിയോ ജോക്കി പ്രണയത്തെക്കുറിച്ച് സംസാരിച്ചതെല്ലാം വർഷങ്ങൾക്ക് മുൻപ് അവൻ എഴുതിയതാണ്.പ്രണയത്തെക്കുറിച്ച് അന്നത്തെപ്പോലെ എഴുതാൻ കഴിയുന്നില്ല എന്നു പറഞ്ഞു എന്റെ കൈയിൽ നിന്ന് കുറിപ്പുകൾ കൊണ്ടുപോയി. ഒരു കടലാസു പോലും നഷ്ടപ്പെടുത്തരുതെന്ന് ഞാൻ. ഒന്നും നഷ്ടപ്പെടുത്താതെ തിരികെ കൊണ്ടുവന്നു.അതു നിന്റെ വീട്ടിലേക്ക് തന്നെ കൊണ്ടുപോവണമെന്ന് ഓർമ്മപ്പെടുത്തി. എന്നാൽ വീട്ടിൽ നിന്ന് ആ പേപ്പറുകൾ നഷ്ടപ്പെട്ടു. എനിക്ക് ഏറ്റവും വിലപ്പെട്ട ആ കവിത പോലെ അവനെയും നഷ്ടപ്പെട്ടു.

സിജി : അവസാന കാലം വരെയും സച്ചി കവിതകൾ എഴുതി. പ്രണയ കവിതകളുടെ ശേഖരം തന്നെ ഉണ്ടായിരുന്നു. കവി എന്ന നിലയിലും വളർച്ച കാണാം. ജീവിതത്തോടുള്ള ആഭിമുഖ്യം ജീവിതവീക്ഷണത്തിലെ മാറ്റം എല്ലാം കവിതയിൽ പ്രകടം.സച്ചി എനിക്ക് ഭർത്താവു മാത്രമല്ല നല്ല സുഹൃത്തുമായിരുന്നു.

സജിത : അതിഭയങ്കരമായ ഇമോഷൻസ് പ്രകടിപ്പിക്കുന്ന ആളായിരുന്നു സച്ചി. സിജി കുറച്ചുകൂടി നേരത്തേ ജീവിതത്തിലേക്ക് വന്നിരുന്നെങ്കിൽ ഇതിനേക്കാൾ കൂടുതൽ അവന്റെ സിനിമയും ജീവിതവും ഉണ്ടാവുമായിരുന്നു. സമ്മർദ്ദങ്ങൾ കുറഞ്ഞ് സർഗാത്മകതയിലേക്ക് കൂടുതൽ രൂപപ്പെടാൻ കഴിയുമായിരുന്നു.

സിജി: സച്ചിയുടെ വീട്ടിൽ എല്ലാവരും കലാപ്രവർത്തനത്തിൽ താത്പര്യമുള്ളവരാണ്. വല്യേട്ടൻ പാട്ടെഴുതാറുണ്ട്. വല്യേട്ടന്റെ പാട്ട് ഏതെങ്കിലും സിനിമയിൽ വരണമെന്ന് സച്ചി ആഗ്രഹിച്ചു. സച്ചി ക്രിയേഷൻസിന്റെ സിനിമയിൽ ആ പാട്ട് വൈകാതെ എത്തും.

സജിത: പരീക്ഷയ്ക്ക് പഠിക്കുമ്പോഴും കേസുകൾക്ക് മുന്നിൽ ഇരിക്കുമ്പോഴും തിരക്കഥകൾ എഴുതുമ്പോഴും ഇടയ്ക്കിടെ മൂന്നോ നാലോ വരി കവിത കുറിക്കുന്ന ശീലം ഉള്ള അവന്റെ രൂപം കൺമുന്നിലുണ്ട്. എല്ലാം നഷ്ടപ്പെട്ടതു ഓർക്കുമ്പോൾ വിഷമം വരും.

സിജി: ആകാശ് ( സിജിയുടെ മകൻ) സിനിമയിൽ വരണം എന്നത് സച്ചിയുടെ ആഗ്രഹമായിരുന്നു. സച്ചി നിർബന്ധിച്ചപ്പോഴാണ് മുംബയ് ബാരി ജോൺസിൽ അഭിനയം പഠിക്കാൻ ചേരുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ മടങ്ങിവരികയാണെന്ന് ആകാശ്. ഒരാഴ്ച കൂടി നിൽക്കാൻ ഞാൻ പറഞ്ഞു. രണ്ടാഴ്ച നിന്നപ്പോൾ താത്പര്യം വന്നു.കോഴ്സ് കഴിഞ്ഞപ്പോഴാണ് ഡോൺ മാക്സ് വരുന്നതും അറ്റ് സിനിമയിൽ നായകനായി അഭിനയിക്കുന്നതും.അവന്റെ സിനിമ കാണാൻ സച്ചി മാത്രമില്ല. സച്ചി പോയപ്പോഴും എന്നെ ചേർത്തു പിടിച്ചിരിക്കുന്നു ആ കുടുംബം.

സജിത: സിജി എന്റെ സുഹൃത്താണെന്ന് പറഞ്ഞാണ് അവൻ ആദ്യം എനിക്ക് പരിചയപ്പെടുത്തിയത്.പിന്നീട് അവർ വിവാഹിതരായപ്പോൾ ഞങ്ങളെല്ലാം വളരെ സന്തോഷിച്ചു. സച്ചിക്ക് പകരം ആണ് എനിക്ക് സിജി. അവൻ പോവുന്നതുകൊണ്ട് പകരം എനിക്ക് ഒരാളെ കൊണ്ടുതന്നതാണ്.എന്നും ഞങ്ങൾ ഒന്നിച്ചായിരുന്നല്ലോ...