തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലകളിൽ അതിശക്തമായ കടൽക്ഷോഭവും അപകടസാദ്ധ്യതയും നിലനിൽക്കുന്നതിനാൽ നെയ്യാറ്റിൻകര താലൂക്കിന്റെ തീരപ്രദേശങ്ങളിലെ ബലിതർപ്പണ കേന്ദ്രങ്ങളായ പൂവാർപൊഴിക്കര , മുല്ലൂർ കടൽത്തീരം, ആഴിമല ശിവക്ഷേത്രം,ചൊവ്വര കടൽത്തീരം, മുല്ലൂർ തോട്ടം ശ്രീനാഗർ ഭഗവതി ക്ഷേത്രം, കരിക്കത്തി കടൽത്തീരം എന്നിവിടങ്ങളിൽ വാവു ബലിതർപ്പണം നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉത്തരവിറക്കി. ബലിതർപ്പണങ്ങൾക്കായി ജനങ്ങൾ കടൽത്തീരത്ത് പ്രവേശിക്കുകയോ ഒത്തുകൂടുകയോ കടലിൽ ഇറങ്ങുകയോ ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.