
തിരുവനന്തപുരം:സംസ്കാരത്തെ ഏക ശിലാരൂപത്തിലേക്ക് ചുരുക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ എല്ലാ സംസ്കാരങ്ങളും നിലനിന്നത് അതിന്റെ ബഹുമുഖ സ്വഭാവങ്ങൾ കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാംസ്കാരിക സംഘടനയായ തിടമ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മലയാളത്തിലെ പ്രസിദ്ധനായ കവികളിലൊരായ ഒ.എൻ.വി യുടെ പേരിലുള്ള പുരസ്കാരം പുതിയ തലമുറയിലെ കവിയായ പ്രൊഫ.വി.മധുസൂദനൻ നായരുടെ കൈയിൽ എത്തുന്നതിൽ ഔചിത്യമുണ്ടെന്നും,രോഗാതുരമായ സമൂഹത്തെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലൂടെ ഉന്നതിയിലെത്തിക്കാൻ പ്രവർത്തിച്ച മന്നത്തു പദ്മനാഭന്റെ പേരിലുള്ള പുരസ്കാരം രോഗാതുരമായ ശരീരത്തെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന ഡോ. എം.എസ്.വല്യത്താന് നൽകുന്നതിലും സാമ്യമേറെയുണ്ടെന്നും,വിമോചന സമരവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകളിൽ വിയോജിപ്പ് ഉള്ളപ്പോഴും ആധുനിക കേരളത്തിന്റെ വളർച്ചയ്ക്ക് മുൻകൈയെടുക്കാൻ വൈക്കം സത്യഗ്രഹം അടക്കം നടത്താൻ തയ്യാറായ നവോത്ഥാന നിലപാടിൽ പൂർണ്ണയോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ.വി മധുസൂദനൻ നായർ ഓ.എൻ.വി പുരസ്കാരം ഏറ്റുവാങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ,കേരളദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ സംവിധായകൻ ഷാജി എം.കരുൺ ,ജി.ബസന്ത്കുമാർ,ജി.ഉണ്ണികൃഷ്ണൻ നായർ,സുമേഷ് കൃഷ്ണൻ,ബി.എസ് .പ്രകാശ്,ഗായത്രി ദേവി എസ്,ആനയറ ചന്ദ്രൻ,അനു നാരായണൻ,സരോജിനി കുറുപ്പ്,സി.എൻ.രാമൻ,എസ് .അരുൺകുമാർ എന്നിവർ പങ്കെടുത്തു.
ട്രാൻ. പ്രതിസന്ധി: മന്ത്രിയെ
വിളിച്ചുവരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മന്ത്രി ആന്റണി രാജുവിനെയും സി.എം.ഡി ബിജുപ്രഭാകറിനേയും മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസിൽ വിളിച്ചുവരുത്തി ചർച്ച നടത്തി. നിലവിലെ പ്രശ്നങ്ങളും പോംവഴികളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. തൊഴിലാളി സംഘടനകളുടെ പരാതികളെക്കുറിച്ചും ആരാഞ്ഞു.
സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആന്റണി രാജു വിശദീകരിച്ചു. റിപ്പോർട്ടിന്റെ ഭാഗമായി 93 ഭരണ നിർവഹണ ഓഫീസുകളെ 15ആക്കി ചുരുക്കിയതും പ്രൊഫഷണൽ മാനേജ്മെന്റ് രൂപീകരിച്ചതും അറിയിച്ചു. സിംഗിൾ ഡ്യൂട്ടി സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ചും ധരിപ്പിച്ചു.
കടബാദ്ധ്യത ഏറ്റെടുക്കുന്നതോടൊപ്പം ഒറ്റത്തവണയായി 250 കോടിയും പ്രതിമാസം 20 കോടി വീതം ആറു തവണയും നൽകിയാൽ ആറുമാസത്തിനുള്ളിൽ സ്ഥാപനത്തെ ലാഭത്തിലാക്കാമെന്ന ആക്ഷൻ പ്ലാൻ ഗതാഗതവകുപ്പ് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇതുസംബന്ധിച്ച് ധനമന്ത്രിയുമായി മുഖ്യമന്ത്രി ഉടൻ ചർച്ച നടത്തും. തൊഴിലാളി സംഘടനാ നേതാക്കളുമായി മന്ത്രിതല ചർച്ചയും ഉണ്ടാകും.