1

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുള്ള സി.പി.എം-ഡി.വൈ.എഫ്‌.ഐ പ്രവർത്തകരുടെ തർക്കത്തെ തുടർന്ന് സി.പി.എം വട്ടിയൂർക്കാവ് നെട്ടയം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മേലത്തുമേലെ ബ്രാഞ്ച് ഓഫീസ് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ അടിച്ചുതകർത്തു.

പ്രശ്‌നം പരിഹരിക്കാൻ മുതിർന്ന നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് പൊലീസിൽ സി.പി.എം പരാതി നൽകിയിട്ടില്ല. സി.പി.എമ്മിൽ നിന്ന് പുറത്താക്കിയ ആളിനെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഡി.വൈ.എഫ്‌.ഐ നേതാവ് നിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു.

പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനാൽ കേസെടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പൊലീസ്. അതേസമയം അക്രമത്തിൽ പരസ്‌പരം പഴിചാരി ഇരുവിഭാഗത്തെയും നേതാക്കൾ രംഗത്തെത്തി. സി.പി.എം പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായതായും സാധന സാമഗ്രികൾ തല്ലിത്തകർത്തിട്ടില്ലെന്നുമാണ് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ പറയുന്നത്. എന്നാൽ ഡി.വൈ.എഫ്‌.ഐക്കാർ രാത്രിയിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. സംഭവത്തെ തുടർന്ന് ഈ ഭാഗത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.