photo1

നെടുമങ്ങാട്: ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് നെടുമങ്ങാട് കാർഷിക വിപണി. മലയോര മേഖലയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളും മലഞ്ചരക്കുകളും, കൂടാതെ മത്സ്യവും ഇറച്ചിയും തുടങ്ങി മറ്റ് നിത്യോപയോഗ സാധനങ്ങളും വിൽക്കുന്നതിനും വാങ്ങുന്നതിനും വളരെ അകലങ്ങളിൽ നിന്ന് പോലും ജനങ്ങൾ എത്തിയിരുന്ന വ്യാപാര കേന്ദ്രം. നെടുമങ്ങാട് ടൗണിനോടു ചേർന്ന് കിടക്കുന്ന അന്താരാഷ്ട്ര മാർക്കറ്റിലെ മത്സ്യ വിൽപ്പന കേന്ദ്രത്തിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. ദിവസവും നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന മത്സ്യ വിൽപ്പന കേന്ദ്രത്തിലേക്ക് മൂക്ക് പൊത്താതെയും രോഗ ഭീതിയില്ലാതെയും അകത്തു കയറിക്കൂടാനാകില്ല.

അത്രകണ്ട് മലിനമാണ് മാർക്കറ്റ്. വർഷങ്ങളായി നവീകരണമില്ലാതെ രൂപപ്പെട്ട വൻ കുഴികളിൽ മാസങ്ങളോളമായി തളംകെട്ടിക്കിടക്കുന്ന കറുത്തു കലങ്ങിയ മലിന ജലം മത്സ്യ മാംസാവശിഷ്ടങ്ങൾ നിറഞ്ഞ് പുഴുവരിച്ച് രൂക്ഷ ഗന്ധം വമിക്കുന്ന മാലിന്യക്കുഴികൾ ചവിട്ടി വേണം മാർക്കറ്റിനുള്ളിലെത്താൻ. മേൽക്കൂര ഇല്ലാത്ത മാർക്കറ്റിൽ മാലിന്യക്കൂമ്പാരങ്ങൾക്ക് സമീപം ദുർഗന്ധം വമിച്ചും യാതനകൾ സഹിച്ചും പെരുമഴയത്ത് നനഞ്ഞൊലിച്ച് ജീവിതമാർഗ്ഗം തേടുകയാണ് കച്ചവടക്കാർ. മലിനജലം പതിവായി ചവിട്ടിക്കടന്ന് പലരുടെയും കാലുകളിൽ വൃണങ്ങളും അലർജിയും പിടിപെട്ടു. കച്ചവടത്തിന്റെ നല്ല ചരിത്രം ഉറങ്ങുന്ന നെടുമങ്ങാട്ടിൽ ജീവിതം തള്ളി നീക്കാൻ പെടാപ്പാടുപെടുന്ന അന്താരാഷ്ട്ര മാർക്കറ്റിലെ ദുരിതജീവിതം കാണാൻ കഴിയും.

താഴുവീണ് മോഡേൺ ഫിഷ് മാർക്കറ്റ്

മാർക്കറ്റിൽ മത്സ്യ കച്ചവടത്തിന് 35 ലക്ഷം മുടക്കി നിർമ്മിച്ച മോഡേൺ ഫിഷ് മാർക്കറ്റ് അടച്ചു പൂട്ടിയ നിലയിലാണ്. നിർമ്മാണത്തിലെ അപാകത കാരണമാണ് എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ഫിഷ് മാർക്കറ്റ് അടച്ചുപൂട്ടിയത്. നിരവധി മത്സ്യക്കച്ചവടക്കാരാണ് മുൻപ് മാർക്കറ്റിൽ ഉണ്ടായിരുന്നത്. മാർക്കറ്റിന്റെ ശോചനീയാവസ്ഥ കാരണം വാങ്ങാനുള്ള ആളുകൾ കുറഞ്ഞതോടെ പലരും മാർക്കറ്റിന് പുറത്തും കവലകൾ കേന്ദ്രീകരിച്ചുമാണ് കച്ചവടം.

ദുരിതം ഈ ജീവിതം

ഇപ്പോൾ പത്തിന് താഴെ കച്ചവടക്കാർ മാത്രമാണ് മാർക്കറ്റിലുള്ളത്. രാവിലെ അഞ്ച് മണി മുതൽ രാത്രിയാകുന്നത് വരെ മാലിന്യക്കൂമ്പാരത്തിനരികെ ഇരുന്ന് ദുരിതമനുഭവിച്ചാൽ ജീവിതച്ചെലവിന് തരപ്പെടില്ലെന്ന് കച്ചവടക്കാർ പറയുന്നു. മാർക്കറ്റിലെ മലിനജലം ഒലിച്ചിറങ്ങുന്നത് നെടുമങ്ങാട് ടൗണിലെ റോഡിലേക്കാണ്. നിരവധി ഓഫീസുകളും ഹോട്ടലുകൾ ഉൾപ്പെടെ മറ്റ് സ്ഥാപനങ്ങളുമുള്ള നഗരത്തിന്റെ ഹൃദയ ഭാഗത്തേക്കാണ് പുഴുവരിച്ച മലിനജലം ഒഴികിയെത്തുന്നത്.

വാഗ്ദാനങ്ങൾ മാത്രം
മാർക്കറ്റിലെ മാലിന്യം പൊതുജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് വെല്ലുവിളിയുണർത്തുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നമായി തന്നെ പരിണമിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ മൗനത്തിലാണ്. അപാകതകൾ പരിഹരിച്ച് ഫിഷ് മാർക്കറ്റ് ഉടൻ തുറന്ന് കൊടുക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും നാലു വർഷമായിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. പച്ചക്കറിയും മറ്റും വില്പന നടത്തുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല. നഗരസഭയ്ക്ക് നല്ലൊരു വരുമാനം നേടിക്കൊടുക്കുന്ന മാർക്കറ്റിന്റെ നവീകരണത്തിന്റെ കാലതാമസം ബോധപൂർവമാണെന്ന പരാതിയും കച്ചവടക്കാർക്കുണ്ട്.