
നെയ്യാറ്റിൻകര:വിൽപ്പാട്ടിനെ അറിയുന്നതും പഠിക്കുന്നതും തലയൽ കേശവൻ നായരിലൂടെയായിരുന്നു. തനതു കലാരൂപങ്ങളെ തനിമയോടെ കാത്ത് സൂക്ഷിച്ചവരെ സ്മരിക്കുന്നത് ഏറെ പ്രശംസനീയമാണ്.വിൽപ്പാട്ട് കലാകാരൻ അഡ്വ.തലയൽ കേശവൻ നായരുടെ സ്മരണാർത്ഥം തലയൽ സ്മാരക ട്രസ്റ്റിന്റെ രണ്ടാമത് പുരസ്കാര സമർപ്പണ വേദിയിൽ സംസാരിക്കുകയായിരുന്നു ഡോ.ശശിതരൂർ. വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ചു.പുരസ്ക്കാര ജേതാവ് ടി.പി.രാജീവനു വേണ്ടി പുത്രി പാർവതി അവാർഡ് ഏറ്റുവാങ്ങി. ജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ 42 വർഷങ്ങളായി ലൈബ്രേറിയനായി സേവനമനുഷ്ഠിക്കുന്ന പദ്മനാഭപിള്ളയെയും ഡൂഡിൽ ആർട്ടിൽ ലോക റെക്കാഡ് ജേതാവായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നവനീത് മുരളീധരനെയും യുവക വി.സുമേഷ് കൃഷ്ണനെയും സി.ബി.എസ്.ഇ പരീക്ഷയിലെ ഉന്നത വിജയി സുശോഭിനെയും ചടങ്ങിൽ ആദരിച്ചു. കെ.ആൻസലൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.വയലാർ അവാർഡ് ജേതാവ് വി.ജെ.ജയിംസ് എഴുത്തും ഞാനും എന്ന വിഷയത്തിൽ സംസാരിച്ചു. നഗരസഭാ ചെയർമാൻ പി.കെ.രാജ് മോഹൻ,ഡോ.ബെറ്റിമോൾ മാത്യു,ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗം ദിലീപ്,ബി.ജെ.പി നേതാവ് രാജേഷ്, ട്രസ്റ്റ് സെക്രട്ടറി തലയൽ പ്രകാശ്,ആർ.വി.അജയഘോഷ്, ഇരുമ്പിൽ ശ്രീകുമാർ,സതീഷ് കിടാരക്കുഴി എന്നിവർ പങ്കെടുത്തു.